തിരുവനന്തപുരം: പൊതുതാൽപര്യ വ്യവഹാരത്തിന്റെ മറവിൽ സർക്കാർ ഉദ്യോഗസ്ഥരുമായി കൂട്ടുചേർന്ന് പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസ് വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുവാൻ വിജിലൻസ് ഡയറക്ടർ ലോക്നാഫ് ബെഹ്റ ഉത്തരവിട്ടു.

ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിലാണ് ഡയറക്ടർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. നിരവധി ഉന്നത വ്യക്തികൾക്കെതിരേ ദുർബലമായ പൊതുതാൽപര്യ ഹരജികൾ ഉൾപ്പടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അമ്പതോളം ഹരജികൾ നവാസ് പായ്ച്ചിറ നൽകി.

ആരോപണ വിധേയരായ ഉന്നത വ്യക്തികൾക്കെതിരേ യഥാസമയം തെളിവുകൾ നൽകാതെ ഹരജിയിൽ നിന്നു പിന്മാറുന്നതിനുവേണ്ടി പലരിൽ നിന്നും സർക്കാരുദ്യോഗസ്ഥരുമായി കൂട്ടുചേർന്ന് നവാസ് ലക്ഷണക്കണക്കിന് രൂപ സമ്പാദിച്ചുവെന്നും പരാതിയിലുണ്ട്.

അഴിമതിക്കാരായ ചില സർക്കാർ ഉദ്യോഗസ്ഥരുമായി കൂട്ടുചേർന്ന് സംസ്ഥാന സർക്കാരിന്റെ രഹസ്യസ്വഭാവമുള്ള രേഖകൾ നവാസ് പായ്ച്ചിറ മേൽപ്പറഞ്ഞ കേസുകളിൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.