കോട്ടയം: നിലം നികത്തി റിസോർട്ടിലേക്കു റോഡു നിർമ്മിച്ചെന്ന പരാതിയിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് ത്വരിത പരിശോധന. ആലപ്പുഴ സ്വദേശി അഡ്വ. സുഭാഷിന്റെ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ആലപ്പുഴ കലക്ടർ, വാട്ടർവേൾഡ് ടൂറിസം കമ്പനി ചെയർമാൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ തുടങ്ങിയവർക്കെതിരെ പരാതി നൽകിയത്. തോമസ് ചാണ്ടി എംഎൽഎ ആയിരിക്കെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ഉദ്യേഗസ്ഥരെ അന്യായമായി സ്വാധീനിച്ച് ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് പരാതി.

എംപിമാരായ പി.ജെ.കുര്യൻ, കെ.ഇ.ഇസ്മായിൽ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ റിസോർട്ടിലേക്ക് അനധികൃതമായി റോഡ് നിർമ്മിച്ചത് അഴിമതിയും ചട്ടലംഘനവും ആണെന്നായിരുന്നു പരാതി. മുൻപ് കേസ് പരിഗണിച്ച കോടതി 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് രണ്ടാഴ്‌ച്ച സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം വിജിലൻസ് കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ഇന്ന് കേസ് പരിഗണിച്ചത്.

ആരോപണങ്ങൾ കൂടുതൽ ബലപ്പെട്ട സാഹചര്യത്തിൽ തോമസ് ചാണ്ടിക്കെതിരെയുള്ള സമരം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. തോമസ് ചാണ്ടി രാജിവെക്കണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മന്ത്രിയ്‌ക്കെതിരെ നിലപാട് കടുപ്പിക്കാനാണ് സിപിഎമ്മിന്റെയും തീരുമാനം. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാനിരിക്കുകയാണ്.

തോമസ് ചാണ്ടിയുടെ പുന്നമടക്കായോലരത്തെ റിസോർട്ടിന്റെ മുന്നിലേക്ക് മാത്രമായാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഇതിനായി സർക്കാറിന്റെ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ഉപയോഗിച്ച് റോഡ് ടാർ ചെയ്തിരുന്നു. ഇതിൽ വ്യാപക ക്രമക്കേടുണ്ടെന്നാണ് ആരോപണം ഉയർന്നത്. രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ചുള്ള ഒരു കിലോമീറ്റർ നിർമ്മാണം നടത്തിയത് ടെണ്ടറില്ലാതെയായിരുന്നു. ഗുണഭോക്തൃ കമ്മിറ്റിയുടെ കൺവീനറാക്കിയത് തോമസ് ചാണ്ടിയുടെ ജീവനക്കാരനെയും.

ആലപ്പുഴ ചുങ്കം വലിയകുളം മുതൽ സീറോ ജെട്ടിവരെയുള്ള റോഡിന്റെ ആകെ നീളം 982 മീറ്റർ. റിസോർട്ടിലേക്ക് പോകാൻ കായലല്ലാതെ മറ്റ് വഴിയില്ലാതെ വന്നതോടെ പാടംനികത്തി റോഡുണ്ടാക്കാൻ രണ്ട് എംപിമാരുടെ ഫണ്ട് തോമസ് ചാണ്ടി സംഘടിപ്പിച്ചു. പി ജെ കുര്യനും കെ ഇ ഇസ്മായിലും നൽകിയ ഫണ്ടുപയോഗിച്ച് അഞ്ചുഭാഗങ്ങളാക്കി തിരിച്ചാണ് റോഡ് പണി ചെയ്തത്. അവിടെയുള്ള മിക്ക ബോർഡുകളും വായിക്കാൻ പറ്റാത്ത നിലയിൽ വികൃതമാക്കിയിട്ടുണ്ട്. എല്ലാറ്റിന്റെയും അടങ്കൽ തുക അഞ്ച് ലക്ഷം. എന്തിനാണന്നല്ലെ, അഞ്ച് ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തി ടെണ്ടർ ചെയ്യണം. ഗുണഭോക്തൃകമ്മിറ്റിയാണ് ഈ പ്രവൃത്തികളെല്ലാം ചെയ്തത്. പക്ഷേ ഗുണഭോക്തൃയോഗം ചേർന്നില്ലെന്ന് അന്നത്തെ വാർഡ് കൗൺസിലർ തന്നെ പറയുന്നു.

അതേ പ്രദേശത്ത് താമസിക്കുന്ന ഈ റോഡിന്റെ ഗുണഭോക്താവാണ് കൺവീനറാവേണ്ടത്. പക്ഷേ ആയതോ ജിജി എന്ന പേരിൽ ഒരാളായിരുന്നു. ഇയാൾ തോമസ് ചാണ്ടിയുടെ സ്റ്റാഫു തന്നെയാണ്. അങ്ങനെ രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ച് റിസോർട്ടിന്റെ മുന്നിൽ വരെ ഉഗ്രനായി മണ്ണിട്ടുയർത്തി റോഡാക്കി. അങ്ങനെയാണ് ലേക്ക് പാലസ് കഴിഞ്ഞുള്ള പാവങ്ങൾ പോകുന്ന റോഡിന് ഈ ഗതിയായതും. എംപി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതിൽ വലിയ ചട്ടലംഘനവും ഇവിടെ നടന്നു. എംപിമാർ പണമനുവദിച്ച റോഡ് ഇപ്പോൾ, ടാർ ചെയ്ത ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്റെ പേരിലായി. 250 ലേറെ കുടുംബങ്ങൾ താമസിക്കുന്ന കായലിനോട് ചേർന്ന് കിടക്കുന്ന സ്ഥലമുണ്ട് ഇതിന്റെ തൊട്ടടുത്ത്. അവരുടെ ദുരിതം കാണാതെയാണ് തോമസ് ചാണ്ടി റിസോർട്ടിന് മുന്നിലൂടെയുള്ള റോഡിന് വേണ്ടി ഖജനാവിലെ പണമൊഴുക്കിയത്.

ഇങ്ങനെയൊരു റോഡ് വരുന്ന കാര്യം ആ സമയത്തെ വാർഡ് കൗൺസിലർ പോലുമറിഞ്ഞില്ല. എംഎൽഎ ജി സുധാകരനോട് ടാർ ചെയ്യാൻ ഫണ്ട് ചോദിച്ച് കൊടുക്കാതായപ്പോഴാണ് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് 2.5 ലക്ഷം രൂപ കൊടുത്ത് ഇപ്പോൾ ലേക്ക് പാലസ് റിസോർട്ടിന്റെ മുന്നിൽവരെ ടാർ ചെയ്തിരിക്കുന്നത്. അതേസമയം ചാണ്ടിയുടെ റിസോർട്ടിനായി കായലും പാടവും നികത്തി നിർമ്മിച്ച റോഡ് നിലനിർത്തണമെന്ന സമ്മർദം ചെലുത്തിയത് സി.പി.എം നേതാക്കൾ തന്നെയയിരുന്നു. ജനങ്ങൾക്ക് പ്രയോജനപ്രദമായ റോഡെന്നാണ് വാദമാണ് ഇവർ ഉയർത്തിയത്. മന്ത്രി തോമസ് ചാണ്ടി നിലം നികത്തിയാണ് ലേക്ക്പാലസ് റിസോർട്ടിലേക്ക് റോഡും പാർക്കിങ് സ്ഥലവും നിർമ്മിച്ചതെന്ന് തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമായി അത് മാറും .ആലപ്പുഴ കലക്ടർ ടി.വി.അനുപയുടെ റിപ്പോർട്ടിൽ നിലം നികത്തിയാണു റോഡും പാർക്കിങ് സ്ഥലവും നിർമ്മിച്ചിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഏകദേശം 60 സെന്റ് നിലമാണ് ഇത്തരത്തിൽ നികത്തിയത്. 2008ലെ ഉപഗ്രഹ ചിത്രവും ഇപ്പോഴത്തെ ഉപഗ്രഹ ചിത്രവും താരതമ്യപ്പെടുത്തിയാണ് ഈ കണ്ടെത്തൽ. ജനങ്ങൾക്കു പ്രയോജനകരമായ റോഡ് എന്ന നിലയിൽ അത് നിലനിർത്തി പാർക്കിങ് സ്ഥലം മാത്രം തോമസ് ചാണ്ടിയുടെ ചെലവിൽ പഴയ സ്ഥിതിയിലാക്കാൻ നിർദ്ദേശിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ചില സി.പി.എം കേന്ദ്രങ്ങളിൽ നിന്നാണ് ഈ സമ്മർദ്ദം ഉയർന്നിട്ടുള്ളത്.