തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക അന്വേഷണം നടത്താനാണ് നിർദ്ദേശം. തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകാൻ ആഭ്യന്തരമന്ത്രിയായിരിക്കവേ തീരുമാനം കൈക്കൊണ്ടതിൽ അഴിമതിയുണ്ടെന്ന് കാണിച്ചാണ് അന്വേഷണം നടത്തുന്നത്. അന്ന് ജയിൽ ഡിജിപി ആയിരുന്ന ഋഷിരാജ് സിംഗിന്റെ എതിർപ്പ് മറികടന്നു കൊണ്ട് ഭൂമി വിട്ടു നൽകിയതെന്നാണ് ആരോപണം. ഇടപാടിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് പിന്നീട് വന്ന പിണറായി വിജയൻ സർക്കാർ ഈ തീരുമാനം റദ്ദു ചെയ്തിരുന്നു.

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ അനൂപ് നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ രണ്ടരയേക്കർ ഭൂമി ഒരു ആശ്രമ ട്രസ്റ്റിന് സ്‌കൂൾ തുടങ്ങാൻ നൽകിതിനെ കുറിച്ചാണ് അന്വേഷണം. രണ്ടേക്കർ ഭൂമി കമ്പോള വിലയുടെ 10 ശതമാനം ഈടാക്കി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനായിരുന്നു മന്ത്രിസഭ തീരുമാനിച്ചത്. അന്ന് ജയിൽ ഡിജിപിയായിരുന്ന ഋഷിരാജ് സിങ് ഈ വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തി. നിയമവകുപ്പും എതിർത്തു. എന്നാൽ, ഇവരെയെല്ലാം മറികടന്നാണ് ജയിൽഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകാൻ ചെന്നിത്തല ഫയൽ മന്ത്രിസഭാ യോഗത്തിലെത്തിൽ എത്തിച്ചത്. ഈ ഇടപെടലിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

അതേസമയം പുതിയ അഴിമതി നിരോധന നിയമപ്രകാരം പരാതി ഡയറക്ടർ മുഖ്യമന്ത്രിയുടെ അനുമതിക്കായി അയച്ചിരുന്നു. കാബിനെറ്റ് റാങ്കുള്ള നേതാവിനെതിരെ അന്വേഷണം നടത്തണമെങ്കിൽ അനുമതി ആവശ്യമാണ്. ഇങ്ങനെ ചെന്നിത്തലക്കെതിരായ ആന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് പ്രാഥമിക അന്വഷണത്തിന് ഉത്തരവിട്ടത്.

മന്ത്രിസഭാ യോഗം വന്നതിനു ശേഷവും ജയിൽ ഡിജിപി എതിർപ്പ് അറിയിച്ചിരുന്നു, തടവുകാർക്ക് ജോലി നൽകാനായി പുതിയ പദ്ധതികൾ തുടങ്ങണമെന്നും, അതിനാൽ ഭൂമി വിട്ടു നൽകരുതെന്നുമായിരുന്നു കത്ത്. എന്നിട്ടും ചെന്നിത്തല പ്രത്യേകം താൽപ്പര്യമെടുത്ത് രേഖാമൂലം ഉത്തരവ് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. അതേസമയം അന്വേഷണത്തിന് പിന്നിൽ പിണറായി വിജയന്റെ വിജയന്റെ രാഷ്ട്രീയ തീരുമാനം ആണെന്ന ആരോപണം ഉയരുന്നുണ്ട്. ബ്രൂവറി അനുവദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് മുട്ടുകുത്തിച്ചിരുന്നു. ഈ സംഭവത്തിന്റെ പ്രതികാരമായാണ് ഇപ്പോൽ ചെന്നിത്തലക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

സംസ്ഥാനത്ത് ഒരു ഡിസ്റ്റലറിയും മൂന്ന് ബ്രൂവറികളും അനുവദിച്ചത് വൻവിവാദത്തിന് ഇടയാക്കിയത് ചെന്നിത്തല നടത്തിയ ഇടപെടലായിരുന്നു. അതീവ രഹസ്യമായി ഇവ അനുവദിച്ചതിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചച്ചിരുന്നു. തുടർന്ന് അദ്ദേഹം ഇത് സംബന്ധിച്ച തെളിവുകളും പുറത്തുവിട്ടു. കണ്ണൂരിലെ വാരം എന്ന സ്ഥലത്ത് ശ്രീധരൻ ബ്രൂവറി, പാലക്കാട്ട് എലപ്പുള്ളിയിൽ അപ്പോളോ ഡിറ്റസ്റ്റലറീസ് ആൻഡ് ബ്രൂവറി, , കൊച്ചിയിൽ പവർ ഇൻഫ്രാടെക് എന്നീ കമ്പനികൾക്കാണ് ബിയർ ഉൽപാദനകേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയത്. തൃശ്ശൂരിൽ ശ്രീചക്രാ ഡിറ്റലറീസിനാണ് മദ്യ ഉൽപാദനകേന്ദ്രത്തിന് അനുമതി.

മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചർച്ചചെച്ചാതെ ഇഷ്ടക്കാർക്ക് ഇവ അനുവദിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ ആരോപണത്തെ ശരിവെക്കുന്ന നടപടികളും പുറത്തുവന്നു. ഈ അഴിമതിക്ക് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് കൂട്ടു നിൽക്കരുതായിരുന്നുവെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി. അതിന് ശേഷമാണ് ഇപ്പോൾ ഋഷിരാജ് ജയിൽ ഡിജിപി ആയിരിക്കുമ്പോൾ നടന്ന ഇടപാടിൽ വിജിലൻസ് അന്വേഷണം വന്നതെന്നും ശ്രദ്ധേയമായിരുന്നു.