തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കേരള ബാങ്കുമായി ചേർന്ന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. തൃശൂർ ജോയിന്റ് രജിസ്റ്റ്രാർ മോഹന്മോൻ പി.ജോസഫിന് അടക്കമാണ് സസ്‌പെൻഷൻ.

സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓഡിറ്റ് ജനറൽ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. 2014 - 15 സാമ്പത്തിക വർഷത്തിലാണ് ബാങ്കിൽ ആദ്യമായി ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ ഇതുതടയാൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് വലിയ വീഴ്ചകളുണ്ടായെന്നാണ് റിപ്പോർട്ട്. വർഷങ്ങളായി ക്രമക്കേട് നടക്കുന്നുണ്ട്. എന്നാൽ, വീഴ്ചകൾക്കെതിരെ ഉദ്യോസ്ഥർ നടപടിയെടുത്തില്ലെന്നും പ്രാഥമിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കരുവന്നൂർ ബാങ്കിൽ എന്തെല്ലാം ക്രമക്കേടു നടന്നു, ആരാണ് ഉത്തരവാദി തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിച്ചത്.

തൃശൂർ ജോയിന്റ് രജിസ്റ്റാർ മോഹന്മോൻ.പി ജോസഫ്, അന്ന് തൃശൂർ അസി.രജിസ്ട്രാറും നിലവിൽ കേരള സഹകരണ ബാങ്ക് പാലക്കാട് ജോയിന്റ് ഡയറക്ടറുമായ എം.ഡി രഘു, അന്ന് അസി.രജിസ്ട്രാറും നിലവിൽ കേരള സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിയുമായ ഗ്‌ളാഡി ജോൺ പുത്തൂർ എന്നിവരടക്കം 16 പേരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവരെ കൂടാതെ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തി ശിക്ഷാ നടപടി കൈക്കൊള്ളാനാണ് സർക്കാർ തീരുമാനം.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിലായിരുന്നു. കേസിലെ രണ്ടാം പ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിൽ നിന്നാണ് ഇവർ പിടിയിലായത്.

കേസിലെ ഒന്നാംപ്രതി സുനിൽ കുമാറിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടും മൂന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് പ്രതികളുടെയും മുൻകൂർ ജാമ്യാപക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക