- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ.ടി.ജലീലിനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്; ഹർജിക്കാരന്റെ ആരോപണങ്ങൾ കേട്ടുകേൾവി മാത്രം; ആരോപണങ്ങൾ അഴിമതി നിരോധന വകുപ്പിന്റെ കീഴിൽ വരുന്നതല്ലെന്നും വിജിലൻസ്; കേസിൽ വാദം അടുത്ത 30 ന്

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തുവെന്ന മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്. ആരോപണങ്ങൾ കേട്ടുകേൾവി മാത്രമാണെന്ന് വിജിലൻസിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
യുഎഇ കോൺസുലേറ്റ് വഴി വിതരണം ചെയ്ത ഭക്ഷ്യകിറ്റ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ ജലിൽ വിതരണം ചെയ്തതിൽ അഴിമതിയുണ്ടെന്നായിരുന്നു ഹർജി. കൊല്ലം സ്വദേശിയായ പൊതുപ്രവർത്തകൻ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്.
വിജിലൻസിനോട് സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരൻ ഹർജി നൽകിയത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നും ആരോപണങ്ങളൊന്നും തന്നെ അഴിമതി നിരോധന വകുപ്പിന്റെ കീഴിൽ വരുന്നതല്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഈ കേസ് അഴിമതി വിരുദ്ധ നിയമത്തിന് കീഴിൽ വരുന്നതാണോ എന്നറിയാൻ കേസിൽ അടുത്ത 30ന് വാദം കേൾക്കും.സംഭവത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചുള്ള ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
ന്യൂനപക്ഷ ക്ഷേമ - ഹജ്ജ് , വഖഫ് , ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.റ്റി. ജലീൽ , കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂബ്, കൺസ്യൂമർ ഫെഡ് എം.ഡി. വി എം.മുഹമ്മദ് റെഫീഖ് എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
2020 മെയ് മാസത്തിലാണ് ഹർജിക്കാധാരമായ സംഭവം നടന്നത്. ആയിരം ഭക്ഷ്യ കിറ്റുകൾ മന്ത്രി ജലീൽ തന്റെ നിയോജക മണ്ഡലമായ തവനൂരിൽ വിതരണം ചെയ്തതായി ഹർജിയിൽ പറയുന്നു. എന്നാൽ ഖുറാൻ പൂർണമായി വിതരണം ചെയ്യാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് തലസ്ഥാന ജില്ലയിലെ എയർപോർട്ടിലെത്തിയ ഭക്ഷ്യക്കിറ്റും വിശുദ്ധ ഖുറാനും ജില്ലകൾ താണ്ടി സ്വന്തം മണ്ഡലത്തിൽ വിതരണത്തിനായി കൊണ്ടുപോയത്.
കേന്ദ്ര സർക്കാർ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ചാണ് യു എ ഇ കോൺസുലറ്റുമായി മന്ത്രി ജലീൽ ഇടപാട് നടത്തിയത്. സ്വർണ്ണ കടത്തിലെ ഇടനിലക്കാരിയായ സ്വപ്ന സുരേഷുമായിട്ടുള്ള ഫോൺ സംഭാഷണം സംഭവം വിവാദമായപ്പോൾ മന്ത്രി തന്നെ സമ്മതിച്ചു. ഭക്ഷ്യ കിറ്റും ഖുറാനും വിതരണത്തിനായി വേണോയെന്ന് ചോദിക്കാനാണ് സ്വപ്ന തന്നെ വിളിച്ചതെന്നായിരുന്നു ജലീലിന്റെ വിശദീകരണം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയെന്നാണ് ഹർജിയിലെ ആരോപണം.


