കോഴിക്കോട്: മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലൻസ് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണു മുൻ വ്യവസായ മന്ത്രിക്കെതിരെ അന്വേഷണം.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി. കോഴിക്കോട് വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അടുത്ത മാസം 18നകം റിപ്പോർട്ട് സമർപ്പിക്കണം.

കണ്ണൂർ ഇരിട്ടി സ്വദേശി ഷാജൻ നൽകിയ പരാതിയിലാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്. 2006 മുതൽ 2014 വരെയുള്ള കാലയളവിലെ കുഞ്ഞാലിക്കുട്ടിയുടെ സമ്പാദ്യം വരവുമായി ഒത്തു പോകുന്നില്ലെന്നാണ് പരാതി. വിജിലൻസ് ഡയറക്ടർ നേരിട്ട് പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

സന്തോഷ് മാധവൻ ഉൾപ്പെട്ട ഭൂമിഇടപാട് കേസിലും കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. കേസിൽ കുഞ്ഞാലിക്കുട്ടിയെയും അടൂർ പ്രകാശിനെയും കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിജിലൻസിന്റെ ത്വരിത പരിശോധന റിപ്പോർട്ട് കോടതി തള്ളുകയും ചെയ്തിരുന്നു.