കൊച്ചി: കൊച്ചി മെട്രോ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ സർക്കാരിന് നഷ്ടമുണ്ടാക്കാത്തതിനാൽ കൊച്ചി കളക്ടർ രാജമാണിക്ക്യത്തിനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന നിഗമനത്തിൽ വിജിൻസ്. ഇക്കാര്യം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ രേഖാമൂലം അന്വേഷണ സംഘം അറിയിച്ചു. ഇടപാടിൽ അഴിമതി നടന്നോ എന്ന് പരിശോധിക്കാതെയാണ് ദ്രുത പരിശോധന പൂർത്തിയാക്കിയത്. കളക്ടറെ രക്ഷിക്കാനുള്ള നീക്കമാണ് വിജിലൻസിന്റെ ദ്രുത പരിശോധനാ റിപ്പോർട്ട് എന്നാണ് വിലയിരുത്തൽ. കളക്ടർക്ക് എതിരെ ദ്രുതപരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ബീന കണ്ണന്റെ ശീമാട്ടിക്ക് കൂടുതൽ പണം ലഭിക്കുന്ന വിധത്തിൽ കരാർ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് കോടതിയിൽ എത്തിയതും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിതും, മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ശീമാട്ടിക്ക് വേണ്ടി വഴിവിട്ട് സഹായം ചെയ്തുവെന്നായിരുന്നു ആരോപണം. ശീമാട്ടിയിൽ നിന്നും ഏറ്റെടുത്ത സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകൾ പ്രത്യേകമായി ഉൾപ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. ക്രമക്കേടുണ്ടെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്. പ്രസ്തുത സ്ഥലമറ്റെടുക്കലുമായി ബന്ധപെട്ടു സർക്കാരിന് യാതൊരു നഷ്ടവും ജില്ലാ കലക്ടർ രാജമാണിക്യം വരുത്തിയില്ല എന്നാണ് കേസ് അന്വേഷിച്ച വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ.

ഹർജി കാരനായ ജി ഗിരീഷ് ബാബുവിന് ഇതിൽ ആക്ഷേപമുണ്ടെങ്കിൽ മാർച്ച് 31 ണ് മുൻപ് കോടതിയിൽ ആക്ഷേപം ബോധിപ്പിക്കമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച വിജിലൻസ് ജഡ്ജി പി മാധവൻ കേസ് 31-ാം തീയതിക്ക് മാറ്റി. വിജിലൻസിന്റെ റിപ്പോർട്ടിൽ തനിക്ക് ആക്ഷേപം ഉണ്ടെന്നും അത് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും ഹർജിക്കാരൻ ജി ഗിരീഷ് ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു.കൊച്ചി മെട്രോയുടെ സ്ഥലമെടുപ്പുമായി ബന്ധപെട്ടു ശീമാട്ടി ക്കായി ഉണ്ടാക്കിയ കരാറിൽ ജില്ലാ കലക്ടർ രാജമാണിക്യം മറ്റാർക്കും ഇല്ലാത്ത വ്യവസ്ഥകൾ ഉണ്ടാക്കിയതു പുറത്തുകൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു.ഇത് ശ്രദ്ധയിൽ പെട്ട കെഎം ആർ എൽ ജില്ലാ കലക്ടറോടു ഈ വ്യവസ്ഥകൾ മാറ്റണമെന്ന് പറഞ്ഞു കത്തയച്ചു. ഇതോടെയാണ് വിഷയത്തിന് പുതിയ മാനങ്ങൾ വന്നത്.

മെട്രോ സ്ഥലമേറ്റെടുപ്പിന്റെ പേരിൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും ജില്ലാ കളക്ടർ എം ജി രാജമാണിക്യവും തമ്മിൽ വീണ്ടും തുറന്ന പോരിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ശീമാട്ടിക്ക് അധികം പണം നൽകി സ്ഥലം ഏറ്റെടുക്കാമെന്ന വിധത്തിൽ കരാർ ഉണ്ടാക്കിയത് ഏറെ ചർച്ചയാവുകയും ചെയ്തു. മറ്റുള്ളവർക്കൊന്നും ഇല്ലാത്ത വിധത്തിൽ ശീമാട്ടിക്ക് വേണ്ടി പ്രത്യേകം കരാർ തയ്യാറാക്കിയത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കെഎംആർഎൽ നിലപാടെടുത്തത്. ഈ ഇടപാടിൽ അഴിമതി നടന്നോ എന്ന് പരിശോധിക്കാതെയാണ് വിജിലൻസ് റിപ്പോർട്ട്. കെഎംആർഎൽ എതിർത്തതു കൊണ്ട് തന്നെ ശീമാട്ടിക്ക് കളക്ടറുടെ റിപ്പോർട്ടിലുള്ള അധിക തുക നൽകേണ്ടി വന്നില്ല. അതുകൊണ്ട് തന്നെ ഖജനാവിന് നഷ്ടവുമുണ്ടായില്ല. എന്നാൽ മറ്റ് താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണോ കളക്ടർ തീരുമാനം എടുത്തത് എന്നതായിരുന്നു ഇതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യം. അത് പരിശോധിക്കാതെയാണ് ദ്രുത പരിശോധന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. ഇക്കാര്യത്തിൽ കോടതി നിലപാട് നിർണ്ണായകമാകും. ഹർജിക്കാരന് വ്യക്തതയുള്ള വാദങ്ങൾ അവതരിപ്പിക്കാനായാൽ വിജിലൻസ് റിപ്പോർട്ട് തള്ളി സ്വയം കേസ് എടുക്കുന്ന സ്ഥിതിയിലേക്ക് കോടതി നടപടികളെത്തും.

നേരത്തെ കൊച്ചി മെട്രോയ്ക്ക് ശീമാട്ടി വെറുതെ ഭൂമി കൊടുക്കുന്നു എന്ന വിധത്തിലായിരുന്നു പ്രചരണം. ഇത് രേഖകൾ സഹിതം പൊളിച്ചത് മറുനാടൻ മലയാളിയായിരുന്നു. രേഖകൾ അനുസരിച്ച് വെറുതെ കൊടുത്തില്ല എന്ന് മാത്രമല്ല ഭൂമി ഏറ്റെടുത്ത മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു എന്നും മറുനാടൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്.

കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയ പാവപ്പെട്ടവർക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതിൽ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വൻകിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റിൽപ്പറത്തുന്നത്.ഇതിനുള്ള സാഹചര്യമാണ് രാജമാണിക്യത്തിന്റെ കുറിപ്പുണ്ടാക്കിയത്. കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഏറ്റവും അധികം എതിർപ്പുയർത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനൽകാൻ മടി കാണിച്ചതിനെ തുടർന്ന് 20ലേറെ തവണ കെഎംആർഎൽ ബീനാ കണ്ണനുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ധാരണയിൽ ആകാത്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയത്.

ശീമാട്ടിയുടെ എം.ജി റോഡിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപെട്ട് ജില്ലാ ഭരണകൂടം ഉണ്ടാക്കിയ പ്രത്യേക വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നും ഇതെല്ലം മാറ്റി പുതിയകരാർ ഉണ്ടാക്കണമെന്നുമാണ് കെഎംആർഎല്ലിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ജില്ല ഭരണകൂടത്തിനും റവന്യൂ സെക്രട്ടറിക്കും കത്തയച്ചിരുന്നു. ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെയാണ് വിജിലൻസ് കളക്ടറെ കുറ്റവിമുക്തനാക്കാൻ ശ്രമിക്കുന്നത്. രാജമാണിക്യത്തിന്റെ ഭാര്യ നിശാന്തിനി വിജിലൻസിൽ എറണാകുളം റേഞ്ച് എസ്‌പിയാണ്. അതുകൊണ്ട് മറ്റൊരു യൂണിറ്റിനെകൊണ്ടാണ് ഇക്കാര്യം കോടതി അന്വേഷിപ്പിച്ചത്. അവിടേയും ഇടപെടലുകളുണ്ടായെന്ന സംശയമാണ് ദ്രുത പരിശോധനാ റിപ്പോർട്ട് നൽകുന്നത്.