കോട്ടയം: സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിർദ്ദേശാനുസരണം റബ്ബർബോർഡിൽ ഒക്‌ടോബർ 30 മുതൽ നവംബർ നാലുവരെ വിജിലൻസ് വാരം ആചരിക്കും. അഴിമതിരഹിത ഭാരതം- എന്റെ കാഴ്ചപ്പാട് (My vision -Corruption Free India) എന്നതാണ് വിഷയം. ഒക്ടോബർ 30-ാം തീയതി രാവിലെ 11 മണിക്ക് റബ്ബർബോർഡിന്റെ എല്ലാ ഓഫീസുകളിലും ജീവനക്കാർ അഴിമതിവിരുദ്ധ പ്രതിജ്ഞയെടുക്കും. ബോർഡിന്റെ കേന്ദ്ര ഓഫീസിൽ നടക്കുന്ന ചടങ്ങിൽ റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറും മറ്റ് ഓഫീസുകളിൽ അതത് ഓഫീസ്‌മേധാവികളും ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഒക്‌ടോബർ 30 മുതൽ നവംബർ നാലുവരെയുള്ള ദിവസങ്ങളിൽ https://pledge.cvc.in എന്ന വെബ് സൈറ്റിലൂടെ ജീവനക്കാർക്ക് ഇ പ്ലെഡ്ജ് എടുക്കാനുള്ള സൗകര്യം ബോർഡ് നൽകിയിട്ടുണ്ട്.

ഈ വർഷത്തെ വാരാചരണത്തിന്റെ ഭാഗമായി കോട്ടയത്തും പരിസരത്തുമുള്ള ഹയർസെക്കണ്ടറിസ്‌കൂൾ വിദ്യാർത്ഥികൾക്കും റബ്ബർബോർഡിന്റെ കോട്ടയം പരിസരങ്ങളിലുള്ള ജീവനക്കാർക്കുമായി പ്രസംഗമത്സരങ്ങളും കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാമത്സരവും ബോർഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസിൽ വച്ച് നടത്തും. അഴിമതിരഹിത ഭാരതം- എന്റെ കാഴ്ചപ്പാട് (My vision -Corruption Free India) എന്നതായിരിക്കും പ്രസംഗവിഷയം. ഹയർ സെക്കൺറി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രസംഗ മത്സരം നവംബർ ഒന്നിന് രാവിലെ 10.30-നും കോളേജ് വിദ്യാർത്ഥികൾക്കായി അഴിമതിരഹിത ഭാരതം- എന്റെ കാഴ്ചപ്പാട് എന്ന ആശയം ഉൾക്കൊണ്ടുകൊണ്ടുള്ള പോസ്റ്റർ രചനാമത്സരം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്കും നടക്കുന്നതാണ്. ജീവനക്കാർക്കായുള്ള മത്സരം നവംബർ ഒന്നിന് രാവിലെ 10.30-നും നടക്കും. വിദ്യാർത്ഥികൾക്കായുള്ള മത്സരം ഇംഗ്ലീഷിലും ജീവനക്കാർക്കായുള്ള മത്സരം മലയാളത്തിലുമായിരിക്കും. പ്രസംഗത്തിന് മത്സരാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ളത് ആറു മിനിറ്റ് വീതമാണ്. ഈ മത്സരങ്ങൾക്കു പുറമേ റബ്ബർബോർഡിലേയും കോട്ടയത്തെ മറ്റു കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേയും ജീവനക്കാർക്കായി ഡിബേറ്റ് (debate)നവംബർ രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് സംഘടിപ്പിച്ചിട്ടുണ്ട്. അഴിമതിരഹിതഭാരതത്തിനായി ഇന്ന് നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമാണോ, അല്ലയോ? എന്നതാണ് വിഷയം.

ഓരോ ഹയർ സെക്കൺറി സ്‌കൂളിൽ നിന്നും കോളേജിൽനിന്നും രണ്ടു വിദ്യാർത്ഥികൾക്ക് വീതം മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ പേരുവിവരം ഒക്ടോബർ 31-നു രാവിലെ 10 മണിക്കു മുൻപായി വിജിലൻസ് ഓഫീസർ, റബ്ബർബോർഡ്, കോട്ടയം-2 എന്ന വിലാസത്തിലോ taugustine@rubberboard.org.in എന്ന ഇ മെയിലിലോ ലഭിച്ചിരിക്കണം. മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർത്ഥികൾ സ്‌കൂൾ/ കോളേജിൽനിന്നുള്ള സ്വന്തം ഐഡന്റിറ്റി കാർഡും ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം.
നവംബർ മൂന്നിന് റബ്ബർബോർഡിന്റെ കേന്ദ്ര ഓഫീസിൽ വച്ച് സമാപനസമ്മേളനവും സമ്മാനദാനവും നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446081003,04812301231(എക്സ്റ്റൻഷൻ-309) എന്ന നമ്പറുകളിൽ ബന്ധപ്പെടുക.