- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത സ്വത്ത് സമ്പാദന കേസ്: പണത്തിന്റെ ഉറവിടം സംബന്ധിച്ച് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് സംശയം; കെ.എം. ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: മുസ്ലിംലീഗ് നേതാവ് കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പണത്തിന്റെ ഉറവിടത്തിൽ ആശയക്കുഴപ്പം. കെ.എം. ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തേക്കും. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെ.എം. ഷാജി സമർപ്പിച്ച കൗണ്ടർ ഫോയിലുകളിൽ ചിലത് വ്യാജമാണോയെന്ന സംശയം കേസ് അന്വേഷിക്കുന്ന വിജിലൻസിനുണ്ട്.
ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ
ഭാഗമായാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു.
എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലൻസ് സംശയിക്കുന്നത്. മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാൻ തീരുമാനിച്ചതെന്നാണ് കെ.എം. ഷാജി മൊഴി നൽകിയിരുന്നത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചെലവിലേക്കായി സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്ത തുകയാണ് തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയ 47 ലക്ഷം രൂപയെന്നാണ് കെ.എം. ഷാജി പറഞ്ഞിരുന്നത്.
ഷാജിക്ക് വരവിൽക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. നവംബറിൽ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു. തുടർന്ന് ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.ആർ. ഹരീഷ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഷാജിയുടെ വീട്ടിൽ റെയ്ഡ് നടന്നിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ