കൊച്ചി : സിബിഐ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.കേസന്വേഷണത്തിന്റെ പേരിൽ പിഡബ്ള്യുഡി ഗസ്റ്റ് ഹൗസുകളിൽ സിബിഐ ഉദ്യോഗസ്ഥർ സൗജന്യമായി താമസിച്ച് പത്ത് കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.

പൊതുപ്രവർത്തകനായ ജോമോന് പുത്തൻപുരയ്ക്കൽ സമർപ്പിച്ച പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലൻസ് സ്പെഷ്യൽ ജഡ്ജ് പി. മാധവൻ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്‌പിക്കാണ് നിർദ്ദേശം നല്കിയിരിക്കുന്നത്.

പിഡബ്ള്യുഡി മുൻ സെക്രട്ടറിമാരായ ടി ഒ സൂരജ്, മുഹമ്മദ് ഹനീഷ് പിഡബ്ള്യുഡി കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ എം പെണ്ണമ്മ, എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.റ്റി. ബിന്ദു, ഡിവൈഎസ്‌പി പ്രേംകുമാർ, സിബിഐ ഡിവൈഎസ്‌പി ജോസ്മോൻ, മുൻ ആഭ്യന്തര സെക്രട്ടറി നിവേദിത പി. ഹരൻ, എറണാകുളം ജില്ല മുൻ കളക്ടറായിരുന്ന എം.ജി രാജമാണിക്യം തുടങ്ങിയവർക്കെതിരെയാണ് പരാതി.

കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സിബിഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിടുന്നത്.