പുലിയുടെ റിലീസിങ് നീട്ടിവച്ച സംഭവത്തിൽ സംവിധായകൻ ചിമ്പുദേവനും ഇളയദളപതി വിജയ്‌യും തമ്മിൽ വാക്ക് തർക്കം. വിജയ് ചിമ്പുദേവനെ ചീത്ത വിളിച്ചെന്നാണ് കോളിവുഡ് സിനിമാ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പൊതുവെ ശാന്ത സ്വഭാവക്കാരനാണ് ഇളയ ദളപതി വിജയ്. പക്ഷെ അളമുട്ടിയാൽ ചേരയും കടിക്കും എന്നത് സംഭവിച്ചിരിക്കുകയാണെന്നാണ് തമിഴ് ലോകത്തെ പറച്ചിൽ. തന്റെ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് മുതൽ റിലീസിങ് വരെയുള്ള കാര്യങ്ങൾക്ക് കൃത്യമായ ഡേറ്റുകൾ തീരുമാനിക്കണമെന്നും അത് കൃത്യമായി നടപ്പാക്കണമെന്നതും വിജയ്ക്ക് നിർബന്ധമാണെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതു കൊണ്ടാണ് ചിമ്പുദേവനെ താരം വഴക്കു പറഞ്ഞത്.

ന്യായീകരിക്കാൻ കഴിയാത്ത കാരണം പറഞ്ഞ് റിലീസിങ് മാറ്റിയതാണ് താരത്തെ പ്രകോപിപ്പിച്ചത്.  നേരത്തെ തീരുമാനിച്ച ഡേറ്റിൽ റിലീസ് ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഡേറ്റ് മുൻകൂട്ടി പ്രഖ്യാപിച്ചതെന്നാണ് താരത്തിന്റെ ചോദ്യം. ചിത്രത്തിന്റെ ഗ്രാഫിക് ജോലികൾ പൂർത്തിയാകാത്തതാണ് ഡേറ്റ് മാറാനുള്ള കാരണമെന്നാണ് സൂചന.

ചിത്രം സെപ്റ്റംബർ 17ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ റിലീസിങ് ഒക്‌ടോബർ ഒന്നിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. ശ്രുതി ഹാസനും ഹൻസിക മോട്ട്‌വാനിയുമാണ് നായികമാർ. ഇംഗ്ലീഷ് വിങ്ലീഷിനു ശേഷം ശ്രീദേവി ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ഈച്ച ഫെയിം സുധീപ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്യുന്ന ചിത്രം ആഗോളതലത്തിലാണ് റിലീസ് ചെയ്യുന്നത്.