- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര കാറിന് നികുതിയിളവ്: മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി നടൻ വിജയ്; പിഴയിട്ട് ഹർജി തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി; നികുതി വെട്ടിപ്പുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് കേസ് മാറ്റി
ചെന്നൈ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാറിന്റെ പ്രവേശന നികുതി (എൻട്രി ടാക്സ്) ഒഴിവാക്കണമെന്ന ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് വിജയ് അപ്പീലുമായി കോടതിയെ സമീപിച്ചത്.
ഹർജി ഫയലിൽ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി നികുതി വെട്ടിപ്പുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് കേസ് മാറ്റി. ജസ്റ്റിസ് ആർ ഹേമലത, ജസ്റ്റിസ് എം ദുരൈസ്വാമി എന്നിവരുടെ ബെഞ്ചാവും ഇനി കേസ് പരിഗണിക്കുക. രണ്ടംഗ ബെഞ്ച് കേസിൽ വിശദമായ വാദം കേൾക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു വിജയ്യുടെ അപ്പീൽ.
കേസ് നാളെ തന്നെ പരിഗണിക്കണമെന്ന് വിജയിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രജിസ്ട്രാർ ലിസ്റ്റ് ചെയ്യുന്നത് എപ്പോഴാണോ അപ്പോൾ പരിഗണിക്കാം ഹർജി പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും കൃത്യമായ നികുതി അടയ്ക്കാൻ തയാറാണെന്നും കോടതിയിൽ അറിയിക്കും. മുൻ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചു. ഇത്തരം വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും.
അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും നടപടിക്രമം വൈകിയതാണ് ചോദ്യം ചെയ്തതെന്നും വിജയ് യുടെ അഭിഭാഷകൻ കുമാരേശൻ വ്യക്തമാക്കി. പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നൽകാതിരിക്കാൻ വേണ്ടിയോ അല്ല അപ്പീൽ നൽകുന്നതെന്നും ജഡ്ജിയുടെ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെയാണ് അപ്പീലെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ നിന്നെത്തിച്ച 5 കോടി രൂപയുടെ റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് 5 കോടി രൂപ ഇറക്കുമതിച്ചുങ്കം അടച്ചതിനാൽ എൻട്രി ടാക്സ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു 2012ൽ വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നടനെതിരെ ആഞ്ഞടിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ച കോടതി, തുക രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നു നിർദേശിച്ചിരുന്നു.
ഹർജിയിൽ വിജയ് തന്റെ ജോലി എന്താണെന്നു ചേർക്കാതിരുന്നതും കോടതിയെ ചൊടിപ്പിച്ചു. അഭിഭാഷകൻ അറിയിച്ചപ്പോഴാണു നടന്റെ അപേക്ഷയാണ് എന്നറിഞ്ഞതെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ പറഞ്ഞു. വിജയ്യെപ്പോലെയുള്ള പ്രശസ്തനായ നടൻ കൃത്യമായി നികുതി അടയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സിനിമയിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും ഹീറോ ആണെന്നു ജനം കരുതുന്നുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂസ് ഡെസ്ക്