തിരുവനന്തപുരം: അടുത്തിടെ പുറത്തിറങ്ങിയ മലയാളം സിനിമകളിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. തീയറ്ററുകളിൽ മികച്ച പ്രതികരണം തേടി മുന്നേറുന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് ഫേസ്‌ബുക്കിൽ അടുത്തിടെയാണ് പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്‌ബുക്കിൽ പ്രചരിച്ചവർക്കെതിരെ ശക്തമായ പ്രതികരണവുമായി നിർമ്മാതാവ് വിജയ് ബാബു രംഗത്തെത്തി.

തിയേറ്ററിൽ നിന്ന് ലൈവായി സിനിമ ഫേസ്‌ബുക്കിൽ പ്രദർശിപ്പിച്ച യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ പ്രതികരണം. ഇവനാണ് ആ തെണ്ടി. നീ ദുബായിൽ അല്ല, ഏത് ദുനിയാവിൽ ആണെങ്കിലും പൊക്കും. ഈ പോർക്കിനെ എവിടെ കണ്ടാലും പ്ലീസ് ഇൻഫോം യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് വിജയ് ബാബു പറയുന്നു.

ചിത്രം ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിച്ചപ്പോൾ അണിയറ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയും ചിത്രം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സിനിമ പ്രചരിച്ചവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു. സിനി പിക്സ് മീഡിയ എന്ന പേജാണ് വെള്ളിയാഴ്ച ചിത്രം ഫേസ്‌ബുക്ക് ലൈവായി കാണിച്ചത്.

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. നടൻ ചെമ്പൻ വിനോദ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ 86 പുതുമുഖങ്ങളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് 11 മിനിറ്റ് നീണ്ടു നിൽക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്. കട്ട ലോക്കൽ എന്ന ടാഗ്ലൈനിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറാമാൻ. പ്രശാന്ത് പിള്ള സംഗീതം.