- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്ന വിജയ് ബാബുവിന്റെ വാദം സ്ഥിരീകരിക്കാൻ ആവുക ശാസ്ത്രീയ പരിശോധനയിലൂടെ; തെളിവുകളിൽ കൂടുതൽ പരിശോധന നടത്തും; ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യൽ; നടനെ ചോദ്യം ചെയ്തത് എട്ടര മണിക്കൂർ
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ താൻ കുറ്റകാരനല്ലെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചോദ്യം ചെയ്യലിൽ വിജയ് ബാബു പൊലീസിനെ അറിയിച്ചു. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിനു പിന്നിലെന്നും ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും എട്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വിജയ് ബാബു പറഞ്ഞു. ഇതു തെളിയിക്കുന്നതെന്ന് അവകാശപ്പെടുന്ന വാട്സാപ്, ഫേസ്‌ബുക് ചാറ്റുകൾ പൊലീസിന് കൈമാറി.
എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണെന്ന വാദം ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന നിലപാടിലാണ് പൊലീസ്. വിജയ് ബാബു നൽകിയ തെളിവുകളിൽ കൂടുതൽ പരിശോധന നടക്കും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടും.
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബു എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു രാവിലെ പതിനൊന്ന് മണിയോടെ ഹാജരായത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ശക്തമായ നടപടികൾക്കൊടുവിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ട് റദ്ദാക്കിയതടക്കം പൊലീസ് കർശന നടപടികൾ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും സി എച്ച് നാഗരാജു പറഞ്ഞു. ഒളിവിലുള്ള പ്രതികളെ സഹായിക്കുന്നത് കുറ്റകരമാണ്. ഒളിവിൽ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
ദുബായിൽ നിന്നു നാട്ടിലെത്തിയതിനു പിന്നാലെ വിജയ് ബാബു ക്ഷേത്ര ദർശനം നടത്തിയിരുന്നു. നെടുമ്പാശേരിയിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലുവയിലെ ക്ഷേത്രത്തിലാണ് വിജയ് ബാബുവും ഭാര്യ സ്മിതയും ദർശനം നടത്തിയത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. 39 ദിവസത്തിനു ശേഷം, രാവിലെ ദുബായിൽ നിന്നുള്ള വിമാനത്തിലാണു കൊച്ചിയിലെത്തിയത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം ഹാജരായത്. നാട്ടിൽ തിരിച്ചെത്തിയാൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. അന്വേഷണസംഘത്തിന് വിജയ്ബാബുവിനെ ചോദ്യംചെയ്യാനും കോടതി അനുമതി നൽകിയിരുന്നു. ഇതനുസരിച്ചാണ് വിജയ്ബാബു അഭിഭാഷകനൊപ്പം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്.
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് വിജയ്ബാബുവിനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽപോയ വിജയ്ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തിൽ തിരിച്ചെത്തിയത്. കേസിൽ കഴിഞ്ഞദിവസം ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം ദുബായിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ