ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾക്കിടെ,നടൻ വിജയുടെ സിനിമ മെർസൽ ബോക്‌സ് ഓഫീസ് ഹിറ്റായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകർ ഉജ്ജ്വല വരവേൽപ്് നൽകിയതോടെ ചിത്രം 200 ക്ലബ്ബിൽ കടന്നിരിക്കുകയാണ്. ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂർ ശിശുമരണം തുടങ്ങിയവയെ ചിത്രത്തിൽ വിമർശിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷനെ കൂടാതെ, ബിജെപി ദേശീയ സെക്രട്ടരി എച്ച്.രാജയും വിമർശനങ്ങളുമായി രംഗത്ത് വന്നു.

ചിത്രത്തിന്റെ റിലീസ് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രേക്ഷകർക്ക് നന്ദി അറിയിച്ച് വിജയ് കത്ത് തയ്യാറാക്കിയത്. ' റിലീസ് കഴിഞ്ഞയുടൻ തന്നെ മെർസൽ ചില വിവാദങ്ങളിൽ പെട്ടു.എന്നിരുന്നാലും എന്റെ ആരാധകർക്കും,സഹനടീനടന്മാർക്കും,സിനിമയിലെ സുഹൃത്തുക്കൾക്കും, നടികർ സംഘത്തിനും, പ്രൊഡ്യൂസേഴ്‌സ് കൗൺസിലിനും, രാഷ്ട്രീയക്കാർക്കും എനിക്കും ചിത്രത്തിനും നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.മെർസൽ വമ്പൻ ജയമാക്കിയതിന് എല്ലാവർക്കും നന്ദി പറയുന്നു'

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജീസസ് സേവസ് എന്നെഴുതിയ ലെറ്റർ പാഡിൽ സി.ജോസഫ് വിജയ് എന്ന് തന്റെ ക്രിസ്ത്യൻ സ്വത്വം കൂടി പ്രഖ്യാപിച്ചാണ് വിജയ് കത്തെഴുതിയിരിക്കുന്നത്. വിവാദം കൊഴിപ്പക്കാൻ വിജയ്‌യുടെ തിരിച്ചറിയൽ രേഖ എച്ച് രാജ പുറത്ത് വിട്ടിരുന്നു. വിജയ് ക്രിസ്ത്യാനി തന്നെയാണെന്ന് തെളിയിക്കുകയായിരുന്നു ഉദ്ദേശം. സത്യം കയ്‌പ്പേറിയതാണ് എന്നഅടിക്കുറിപ്പോടെയായിരുന്നു എച്ച് രാജയുടെ ട്വീറ്റ്.എച്ച് രാജയുടെ ട്വീറ്റിനെതിരെ വിജയ് ഫാൻസും രംഗത്തെത്തി. നേരത്തെ മെർസൽ ഇന്റർനെറ്റിൽ കണ്ടുവെന്ന് പറഞ്ഞ് രാജയുടെ പ്രസ്താവന വലിയ വിവാദത്തിനിടയാക്കിയിരുന്നു.