തെന്നിന്ത്യയിലെ പുതിയ ഹിറ്റ് മേക്കർ എ.ആർ. മുരുഗദോസ് അപൂർവമായൊരു ഹാട്രിക്ക് നേട്ടത്തിലാണ്. തുടർച്ചയായി മൂന്ന് സിനിമകൾ 100 കോടി ക്ലബ്ബിലെത്തിക്കുകയെന്ന നേട്ടമാണ് മുരുഗദോസ് കൈവരിച്ചത്. വിജയ് നായകനായ കത്തി 100 കോടി ക്ലബ്ബിലെത്തിയതോടെയാണ് മുരുഗദോസിന്റെ നേട്ടം. വിജയ് നായകനായ തുപ്പാക്കിയും അക്ഷയ് കുമാർ നായകനായ ഹോളിഡേയുമാണ് മുരുഗദോസിന്റെ മുൻ നൂറുകോടി ചിത്രങ്ങൾ.

റെക്കോഡ് വേഗത്തിൽ നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച കത്തി, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണ്. രജനീകാന്തിന്റെ യന്തിരൻ, കമൽ ഹാസന്റെ വിശ്വരൂപം, തുപ്പാക്കി എന്നിവയാണ് നൂറുകോടി വിളഞ്ഞ തമിഴ് സിനിമകൾ. ഇക്കൂട്ടത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടിയിലെത്തിയത് കത്തിയാണ്. ഒക്ടോബർ 22-ന് റിലീസ് ചെയ്ത സിനിമ പത്ത് ദിവസത്തിനുള്ളിൽ നൂറുകോടിയിലെത്തിയതായി സിനിമയുടെ സംഗീത സംവിധായകൻ അനിരുദ്ധ് ട്വീറ്റ് ചെയ്തു.

100.7 കോടി രൂപയാണ് ഇതിനകം സിനിമ കളക്റ്റ് ചെയ്തത്. ഇതിൽ 65.1 കോടി രൂപ തമിഴ്‌നാട്ടിൽനിന്നുതന്നെയാണ്. 20.2 കോടി വിദേശത്തുനിന്നും 15.4 കോടി മറ്റ് ഭാഗങ്ങളിൽനിന്നും കളക്റ്റ് ചെയ്തതായി തിങ്കളാഴ്ച അനിരുദ്ധ് വെളിപ്പെടുത്തി. സോനാക്ഷി സിൻഹ നായികയായ പുതിയ ഹിന്ദി ചിത്രത്തിന്റെ പണിപ്പുരയിലാണ് മുരുഗദോസ് ഇപ്പോൾ.