രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഡ് നിശ്ചിത 50 ഓവറിൽ നേടിയത് 184 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16 ഓവറും ആറു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. അർധസെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് കേരളത്തിന്റെ വിജയശിൽപി. സച്ചിൻ 78 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 59 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (46), ക്യാപ്റ്റൻ സഞ്ജു സാംസൺ (24), വിഷ്ണു വിനോദ് (32) എന്നിവരും കേരളത്തിനായി തിളങ്ങി. 59 പന്തുകൾ നേരിട്ട രോഹൻ ആറു ഫോറുകളോടെയാണ് 46 റൺസെടുത്തത്. സഞ്ജു 27 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും നേടി. വിഷ്ണു വിനോദ് 28 പന്തിൽ നാലു ഫോറുകളോടെ 32 റൺസുമെടുത്തു. വിനൂപ് മനോഹരൻ അഞ്ചു റൺസുമായി പുറത്താകാതെ നിന്നു.

കേരള നിരയിൽ നിരാശപ്പെടുത്തിയത് അഞ്ച് പന്തിൽ ഒൻപതു റൺസെടുത്ത ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ മാത്രം. ചണ്ഡിഗഡിനായി ജഗ്ജിത് സിങ് സന്ധു, യുവരാജ് ചൗധരി, ജാസ്‌കരൺദീപ് സിങ്, അർപിത് സിങ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

നേരത്തേ,ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെടുത്തത്. കേരളത്തിന്റെ തകർപ്പൻ ബോളിങ് പ്രകടനത്തിനിടെ പൊരുതിനേടിയ അർധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ കൂടിയായ മനൻ വോഹ്‌റയാണ് ചണ്ഡിഗഡിന്റെ ടോപ് സ്‌കോറർ. വോഹ്‌റ 69 പന്തിൽ നാലു ഫോറും രണ്ടു സിക്‌സും സഹിതം 56 റൺസെടുത്തു.

വോഹ്‌റയ്ക്കു പിന്നാലെയെത്തിയവരെല്ലാം കാര്യമായ സംഭാവന കൂടാതെ മടങ്ങിയപ്പോൾ, പിരിയാത്ത ഒൻപതാം വിക്കറ്റിൽ 46 റൺസ് കൂട്ടുകെട്ട് തീർത്ത അർപിത് സിങ് സന്ദീപ് ശർമ സഖ്യമാണ് ചണ്ഡിഗഡിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. അർപിത് സിങ് 44 പന്തിൽ 25 റൺസോടെയും സന്ദീപ് ശർമ 40 പന്തിൽ 26 റൺസോടെയും പുറത്താകാതെ നിന്നു.

സരുൾ കൻവാർ (0), ശിവം ഭാംബ്രി (21 പന്തിൽ 14), കുനാൽ മഹാജൻ (26 പന്തിൽ എട്ട്), എ.കെ. കൗശിക്ക് (22 പന്തിൽ 11)), അർജിത് സിങ് (34 പന്തിൽ 15), യുവരാജ് ചൗധരി (28 പന്തിൽ 14), ജാസ്‌കരൺദീപ് സിങ് (14 പന്തിൽ 13) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. കേരളത്തിനായി സിജോമോൻ ജോസഫ് 10 ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. ബേസിൽ തമ്പി എട്ട് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. മനു കൃഷ്ണൻ, വിഷ്ണു വിനോദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.