രാജ്‌കോട്ട്: മഹാരാഷ്ട്രക്കെതിരെ തോൽവി മുന്നിൽ കണ്ട മത്സരത്തിൽ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ പോരാട്ടം ഏറ്റെടുത്ത വിഷ്ണും വിനോദും സിജോമോൻ ജോസഫും ചേർന്ന് കേരളത്തിന് സമ്മാനിച്ചത് അവിശ്വസനീയമായ ജയം വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണെന്റിൽ മഹാരാഷ്ട്രയെ നാല് വിക്കറ്റിനാണ് കേരളം കീഴടക്കിയത്. 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 26ാം ഓവറിൽ 120-ആറ് വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞെങ്കിലും ഇരുവരും ചേർന്നൊരുക്കിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഏഴ് പന്തുകൾ ശേഷിക്കെ കേരളത്തെ മിന്നും ജയത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്.

വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ചുറിയുടെയും സിജോമോൻ ജോസഫിന്റെ അപരാജിത അർധസെഞ്ചുറിയുടെയും കരുത്തിൽ 48.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി. സ്‌കോർ മഹാരാഷ്ട്ര 50 ഓവറിൽ 291-8, കേരളം 49.5 ഓവറിൽ 294-6.

വിഷ്ണു വിനോദ് 82 പന്തിൽ 100 റൺസെടുത്തപ്പോൾ സിജോമോൻ ജോസഫ് 70 പന്തിൽ 71 റൺസെടുത്തു. തുടക്കത്തിൽ 35-4 എന്ന നിലയിൽ തകർന്നടിഞ്ഞ കേരളത്തെ ക്യാപ്റ്റൻ സഞ്ജു സാംസണും(35 പന്തിൽ 42), ജലജ് സക്‌സേനയും(44) ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് 100 കടത്തിയത്. ഇരുവരും അടുത്തടുത്ത് പുറത്തായതോടെ തോൽവി ഉറപ്പിച്ച കേരളത്തെയാണ് വിഷ്ണുവും സിജോമോനും ചേർന്ന് തകർപ്പൻ ജയത്തിലേക്ക് നയിച്ചത്. മൂന്ന് കളികളിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്.

റുതുരാജ് ഗെയ്ക്വാദിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയുടെ പിൻബലത്തിൽ 291 റൺസടിച്ച മഹാരാഷ്ട്രക്കെതിരെ തുടക്കത്തിലെ കേരളത്തിന് പിഴച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ രാഹുൽ ത്രിപാഠിയുടെ ത്രോയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ(2) റണ്ണൗട്ടായതിൽ തുടങ്ങി നിർഭാഗ്യം. പിന്നാലെ അഞ്ച് റൺസുമായി രോഹൻ കുന്നുമ്മലും മടങ്ങി. സച്ചിൻ ബേബിക്ക് അക്കൗണ്ട് തുറക്കാനായില്ല.

വത്സലിന്റെ പോരാട്ടം 18ൽ റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ സഞ്ജു സാംസണിനൊപ്പം ജലജ് സക്സേന രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. ഇതിനുശേഷമായിരുന്നു വിഷ്ണു വിനോദും സിജോമോൻ ജോസഫും അപ്രതീക്ഷിച ചെറുത്തുനിൽപ്പുമായി കേരളത്തെ വിജയവര കടത്തിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 24 ഓവറിൽ 174 റൺസാണ് അടിച്ചുകൂട്ടിയത്.

ടോസ് നേടി മഹാരാഷ്ട്രയെ ബാറ്റിംഗിനയച്ച കേരള ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തീരുമാനം ശരിവച്ചാണ് മത്സരം തുടങ്ങിയത്. എന്നാൽ പിന്നീട് റുതുരാജ് ഗെയ്ക്വാദ്-രാഹുൽ ത്രിപാഠി സഖ്യം മൂന്നാം വിക്കറ്റിൽ മത്സരത്തിന്റെ ഗിയർ ഏറ്റെടുത്തു. ഇന്നിങ്സിന്റെ തുടക്കത്തിൽ മഹാരാഷ്ട്രയ്ക്ക് 22 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തിൽ ബേസിൽ തമ്പി ഓപ്പണർ യാഷ് നാഹറിനെ(2) വിഷ്ണു വിനോദിന്റെ കൈകളിലെത്തിച്ചു. ആറാം ഓവറിൽ നിധീഷ് എം ഡി, അങ്കിത് ബവ്നെയെ(9) സഞ്ജുവിന്റെ കൈകളിലാക്കി.

മൂന്നാം വിക്കറ്റിൽ 195 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടുമായി ഗെയ്ക്വാദ്-ത്രിപാഠി സഖ്യം വിസ്മയ തിരിച്ചുവരവിലേക്ക് മഹാരാഷ്ട്രയെ പട നയിച്ചു. ത്രിപാഠി 108 പന്തിൽ 99 റൺസെടുത്ത് നിധീഷിന് കീഴടങ്ങിയെങ്കിലും ടൂർണമെന്റിലെ ഹാട്രിക് സെഞ്ചുറിയുമായി ഗെയ്ക്വാദ് ഒരിക്കൽക്കൂടി സ്വപ്ന ഫോമിന് അടിവരയിട്ടു. ത്രിപാഠി പുറത്താകുമ്പോൾ 39.4 ഓവറിൽ 217 റൺസിലെത്തി മഹാരാഷ്ട്ര സ്‌കോർ. അഞ്ചാമനായി ക്രീസിലെത്തിയ നൗഷാദ് ഷെയ്ഖും(5) നിധീഷിന് വിക്കറ്റ് സമ്മാനിച്ചു.

പാറപോലെ ഉറച്ച ഗെയ്ക്വാദ് ആത്മവിശ്വാസത്തോടെ ടീമിനെ മികച്ച സ്‌കോറിലേക്ക് ആനയിച്ചു. വിശ്വേശർ സുരേഷിന്റെ 46-ാം ഓവറിലെ ആദ്യ പന്തിൽ ഗെയ്ക്വാദ് പുറത്താകുമ്പോൾ ടീം സ്‌കോർ 249.129 പന്തിൽ ഒൻപത് ഫോറും മൂന്ന് സിക്സറും സഹിതം ഗെയ്ക്വാദ് 124 റൺസെടുത്തു. അവസാന ഓവറുകളിൽ കൂറ്റനടികളിൽ നിന്ന് മഹാരാഷ്ട്രയെ കേരളത്തിന് തടുക്കാനായി. സ്വപ്നിലിനെയും(14), സോപിനേയും(5) മടക്കി നിധീഷ് അഞ്ച് വിക്കറ്റ് തികച്ചപ്പോൾ കാസിയെ(20) ബേസിൽ പുറത്താക്കി. പൽക്കറും(4*), ചൗധരിയും(1*) പുറത്താകാതെ നിന്നു.