- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർപ്പൻ അർധ സെഞ്ചുറിയുമായി സച്ചിൻ ബേബി; ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് കീഴടക്കി കേരളം; 225 റൺസ് വിജയലക്ഷ്യം മറികടന്നത് 35.4 ഓവറിൽ; ക്വാർട്ടറിന് അരികെ!
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് കീഴടക്കി കേരളം. സച്ചിൻ ബേബി പുറത്താവാതെ നേടിയ 83 റൺസാണ് കേരളത്തിന് ജയം സമ്മാനിച്ചത്. രാജ്കോട്ടിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഉത്തരാഖണ്ഡ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കേരളം 35.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അനായാസം ഉത്തരാഖണ്ഡിനെ കേരളം കീഴടക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 224 റൺസ്. മറുപടി ബാറ്റിങ്ങിൽ 14.2 ഓവറും അഞ്ച് വിക്കറ്റും ബാക്കിയാക്കി കേരളം ലക്ഷ്യത്തിലെത്തി.ജയത്തോടെ കേരളത്തിന് 16 പോയിന്റായി. നോക്കൗട്ട് റൗണ്ട് ഏറെക്കുറേ ഉറപ്പിച്ചിരിക്കുകയാണ് കേരളം. മഹാരാഷ്ട്രയുടേയും മധ്യ പ്രദേശിന്റെയും മത്സരങ്ങൾ കഴിഞ്ഞാൽ ചിത്രം വ്യക്തമാവും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ നേരിട്ട് ക്വാർട്ടർ ഫൈനലിൽ കടക്കും. രണ്ടാം സ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും.
സച്ചിൻ ബേബി 71 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 83 റൺസുമായി പുറത്താകാതെ നിന്നു. സച്ചിൻ ബേബിക്കു പുറമെ ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (36 പന്തിൽ 26), ക്യാപ്റ്റൻ സഞ്ജു സാംസൺ (36 പന്തിൽ 33), വിഷ്ണു വിനോദ് (25 പന്തിൽ 34), വിനൂപ് മനോഹരൻ (27 പന്തിൽ 28) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
കേരള നിരയിൽ നിരാശപ്പെടുത്തിയത് 11 പന്തിൽ 10 റൺസെടുത്ത ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ മാത്രം. സിജോമോൻ ജോസഫ് എട്ടു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ ബലത്തിലാണ് ഉത്തരാഖണ്ഡിനെതിരെ കേരളം വിജയം പിടിച്ചത്. രണ്ടാം വിക്കറ്റിൽ രോഹൻ സഞ്ജു സഖ്യം 73 പന്തിൽ 50 റൺസും നാലാം വിക്കറ്റിൽ സച്ചിൻ ബേബി വിഷ്ണു വിനോദ് സഖ്യം 57 പന്തിൽ 71 റൺസും അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബി വിനൂപ് മനോഹരൻ സഖ്യം 59 പന്തിൽ 65 റൺസും കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിനായി ദീപേഷ് നൈൽവാൾ രണ്ടും ഹിമാൻഷു ബിഷ്ത്, മാധ്വൽ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
225 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് മൂന്ന് വിക്കറ്റുകൾ കൃത്യമായി ഇടവേളകളിൽ നഷ്ടമായി. നന്നായി തുടങ്ങിയ ശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ (33) ഒരിക്കൽകൂടി നിരാശപ്പെടുത്തി. സഞ്ജുവിന് പുറമെ മുഹമ്മദ് അസറുദ്ദീൻ (10), രോഹൻ കുന്നുമ്മൽ (26) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രണ്ട് ബൗണ്ടറികൾ നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയ അസറുദ്ദീനിൽ നിന്ന് വലിയ ഇന്നിങ്സ് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ മധ്വാളിന്റെ പന്തിൽ താരം ബൗൾഡായി. 14-ാം ഓവറിൽ സഞ്ജുവും മടങ്ങി. ദിക്ഷൻശു നേഗിയുടെ പന്തിൽ റോബിൻ ബിസ്റ്റിന് ക്യാച്ച് നൽകുകയായിരുന്നു സഞ്ജു. രോഹൻ ദീപേഷ് നെയ്ൽവാളിന്റെ പന്തിൽ ബൗൾഡായി. സഞ്ജു- രോഹൻ സഖ്യം 60 റൺസ് കൂട്ടിച്ചേർത്തു. രോഹന് ശേഷം വന്ന വിഷ്ണു വിനോദ് (34) വേഗത്തിൽ റൺസ് കണ്ടെത്തി. എന്നാൽ ഹിമാൻഷു ബിഷ്ടിന്റെ പന്തിൽ താരം ബൗൾഡായി. സച്ചിനൊപ്പം 71 റൺസാണ് വിഷ്ണു കൂട്ടിച്ചേർത്തത്.
തുടർന്നെത്തിയ വിനൂപ് ഷീല മനോഹരനും (28) സച്ചിന് പിന്തുണ നൽകി. വിനൂപ് വീണെങ്കിലും സിജോമോൻ ജോസഫിനെ കൂട്ടുപിടിച്ച് സച്ചിൻ വിജയം പൂർത്തിയാക്കി.ദീപേഷ് നെയൽവാൾ ഉത്തരാഖണ്ഡിനായി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഉത്തരാഖണ്ഡിന് ക്യാപ്റ്റൻ ജയ് ബിസ്ത (93) ഇന്നിങ്സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ദിക്ഷൻശു നേഗി (52) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. നിതീഷ് എം ഡി മൂന്നും ബേസിൽ തമ്പി രണ്ട് വിക്കറ്റും നേടി. രണ്ടാം ഓവറിൽ തന്നെ കേരളം ആദ്യ വിക്കറ്റ് വീഴ്‌ത്തി. നീതീഷിന്റെ പന്തിൽ തനുഷ് ഗുസൈൻ (1) വിഷ്ണു വിനോദിന് ക്യാച്ച് നൽകി. പിന്നാലെയെത്തിയ വൈഭവ ഭട്ട് (10) റണ്ണൗട്ടായി. റോബിൻ ബിസ്റ്റിനും (5) ഇതുതന്നെയാണ് സംഭവിച്ചത്. സ്വപ്നിൽ സിംഗിനെ സക്സേന ബൗൾഡാക്കിയപ്പോൾ ഉത്തരാഖണ്ഡ് നാലിന് 65 എന്ന നിലയിലേക്ക് വീണു.
പിന്നാലെ ഒത്തുച്ചേർന്ന ബിസ്ത- നേഗി സഖ്യം ഇതുവരെ 100 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ക്യാപ്റ്റനെ പുറത്താക്കി വിനൂപ് ഷീല മനോഹരൻ കേരളത്തിന് ബ്രേക്ക് ത്രൂ നൽകി. നേഗിയെ ബേസിൽ തമ്പി ബൗൾഡാക്കിയതോടെ ഉത്തരാഖണ്ഡ് വീണ്ടും പ്രതിരോധത്തിലായി. പിന്നീടെത്തിയവരിൽ ഹിമാൻഷു ബിഷ്ട് (29), ദീപേഷ് എസ് നെയ്ൽവാൾ (20) എന്നിവർ മാത്രമാണ് തിളങ്ങിയത്. മൂന്ന് മത്സരങ്ങളും ജയിച്ച കേരളം 12 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ്. മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും ഒരേ പോയിന്റാണെങ്കിലും നെറ്റ് റൺറേറ്റിൽ കേരളത്തിന് പിറകിലാണ് ഇരുവരും.
സ്പോർട്സ് ഡെസ്ക്