- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ച് മത്സരങ്ങളിൽ നാലിലും ജയം; വിജയ് ഹസാരെ ട്രോഫിയിൽ മറികടന്നത് വമ്പന്മാരെ; ഗ്രൂപ്പ് ചാംപ്യന്മാരായി കേരളം ക്വാർട്ടറിൽ; നോക്കൗട്ടിൽ എതിരാളി സെർവീസസ്; രണ്ടാമതെത്തിയ മധ്യപ്രദേശ് പ്രീക്വാർട്ടറിൽ
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ ആവേശകരമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഉത്തരാഖണ്ഡിനെ കീഴടക്കി കേരളം ക്വാർട്ടർ ഫൈനലിൽ. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് കേരളം ജയിച്ചത്. ഗ്രൂപ്പ് ചാംപ്യന്മാരായാണ് കേരളം ക്വാർട്ടറിൽ കടന്നത്.
സെർവീസസിനെയാണ് കേരളം ക്വാർട്ടറിൽ നേരിടുക. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര ടീമുകൾ അഞ്ചിൽ നാല് മത്സരങ്ങളും ജയിച്ചിരുന്നു. മൂവർക്കും 16 പോയിന്റ് വീതമാണുള്ളത്. എന്നാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഒന്നാമതെത്തി. മധ്യ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര മൂന്നാമതാണ്.
രണ്ടാമതെത്തിയ മധ്യപ്രദേശ് പ്രീക്വാർട്ടറിനും യോഗ്യത നേടി. ഈ മാസം 22ന് ജയ്പുരിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. അഞ്ച് ഗ്രൂപ്പിലും ഒന്നാമതെത്തുന്ന അഞ്ച് ടീമുകൾ നേരിട്ട് യോഗ്യത നേടും. മികച്ച രണ്ടും മൂന്നും സ്ഥാനക്കാരും യോഗ്യത ഉറപ്പാക്കും.
ക്വാർട്ടറിലേക്കുള്ള എട്ടാമത്തെ ടീമിനെ കണ്ടെത്തുന്നത് എലിമിനേറ്ററിലൂടെയാണ്. പ്ലേറ്റ് ഗ്രൂപ്പിൽ കളിച്ച് ഒന്നാമതെത്തുന്ന ടീമും മികച്ച നാലാം സ്ഥാനക്കാരും എലിമിനേറ്ററിൽ മത്സരിക്കും. കേരളത്തിന്റെ ഗ്രൂപ്പിൽ കളിച്ച മധ്യപ്രദേശും മഹാരാഷ്ട്രയും ക്വാർട്ടറിലേക്ക് കടക്കാൻ സാധ്യതയേറെയാണ്. പ്ലേറ്റ് തലത്തിൽ നിന്ന് ത്രിപുരയും എലിമിനേറ്ററിലെത്തിയേക്കും.
അവസാന ഗ്രൂപ്പ് മത്സരത്തിൽ ടോസ്് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 224 റൺസ്. മറുപടി ബാറ്റിങ്ങിൽ 14.2 ഓവറും അഞ്ച് വിക്കറ്റും ബാക്കിയാക്കി കേരളം ലക്ഷ്യത്തിലെത്തി.
അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന സച്ചിൻ ബേബിയുടെ ഇന്നിങ്‌സാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. സച്ചിൻ ബേബി 71 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 83 റൺസുമായി പുറത്താകാതെ നിന്നു. സച്ചിൻ ബേബിക്കു പുറമെ ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (36 പന്തിൽ 26), ക്യാപ്റ്റൻ സഞ്ജു സാംസൺ (36 പന്തിൽ 33), വിഷ്ണു വിനോദ് (25 പന്തിൽ 34), വിനൂപ് മനോഹരൻ (27 പന്തിൽ 28) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
കേരള നിരയിൽ നിരാശപ്പെടുത്തിയത് 11 പന്തിൽ 10 റൺസെടുത്ത ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ മാത്രം. സിജോമോൻ ജോസഫ് എട്ടു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ ബലത്തിലാണ് ഉത്തരാഖണ്ഡിനെതിരെ കേരളം വിജയം പിടിച്ചത്. രണ്ടാം വിക്കറ്റിൽ രോഹൻ സഞ്ജു സഖ്യം 73 പന്തിൽ 50 റൺസും നാലാം വിക്കറ്റിൽ സച്ചിൻ ബേബി വിഷ്ണു വിനോദ് സഖ്യം 57 പന്തിൽ 71 റൺസും അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബി വിനൂപ് മനോഹരൻ സഖ്യം 59 പന്തിൽ 65 റൺസും കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിനായി ദീപേഷ് നൈൽവാൾ രണ്ടും ഹിമാൻഷു ബിഷ്ത്, മാധ്വൽ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ്, നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 224 റൺസെടുത്തത്. സെഞ്ചുറിക്ക് ഏഴു റൺസ് മാത്രം അകലെ പുറത്തായ ക്യാപ്റ്റൻ ജയ് ബിസ്തയാണ് അവരുടെ ടോപ് സ്‌കോറർ. 114 പന്തുകൾ നേരിട്ട ബിസ്ത, ആറു ഫോറും മൂന്നു സിക്‌സും സഹിതമാണ് 93 റൺസെടുത്തത്.
ഉത്തരാഖണ്ഡിനായി ദിക്ഷാൻഷു നേഗിയും അർധസെഞ്ചുറി നേടി. നേഗി 68 പന്തിൽ നാലു ഫോറുകളോടെ 52 റൺസെടുത്തു. 65 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഉത്തരാഖണ്ഡിന്, അഞ്ചാം വിക്കറ്റിൽ ജയ് ബിസ്ത നേഗി സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേർന്ന് 124 പന്തിൽ അടിച്ചുകൂട്ടിയത് 100 റൺസാണ്.
ഉത്തരാഖണ്ഡ് നിരയിൽ ഹിമാൻഷു ബിഷ്ത് (35 പന്തിൽ 29), ദീപേഷ് നൈൽവാൾ (21 പന്തിൽ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ടാനുഷ് ഗുസൈൻ (1), വൈഭവ് ഭട്ട് (10), റോബിൻ ബിസ്ത് (7), സ്വപ്നിൽ സിങ് (5), മുഹമ്മദ് നസിം (3) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
കേരളത്തിനായി എം.ഡി. നിധീഷ് എട്ട് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വഴ്‌ത്തി. ബേസിൽ തമ്പി ഒൻപത് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ജലജ് സക്‌സേന 10 ഓവറിൽ 42 റൺസ് വഴങ്ങിയും വിനൂപ് മനോഹരൻ ഏഴ് ഓവറിൽ 39 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. രണ്ട് ഉത്തരാഖണ്ഡ് താരങ്ങൾ റണ്ണൗട്ടായി.