ജയ്പുർ: വിജയ് ഹസാരെ ട്രോഫിയിൽ സെമി ലൈനപ്പായി. അപ്രതീക്ഷിത ബാറ്റിങ് തകർച്ച നേരിട്ട കേരളവും വിദർഭയും ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ട് പുറത്തായപ്പോൾ സർവീസസും സൗരാഷ്ട്രയും സെമി ബർത്ത് ഉറപ്പിച്ചു. സർവീസസിനോട് ഏഴു വിക്കറ്റിന് തോറ്റാണ് കേരളം പുറത്തായത്. കർണാടകയെ തോൽപ്പിച്ചെത്തിയ തമിഴ്‌നാടും ഉത്തർപ്രദേശിനെ തോൽപ്പിച്ചെത്തുന്ന ഹിമാചൽ പ്രദേശുമാണ് സെമിയിൽ കടന്ന മറ്റു ടീമുകൾ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 40.4 ഓവറിൽ 175 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.1 ഓവർ ബാക്കിനിർത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ സർവീസസ് ലക്ഷ്യം മറികടന്നു. 

തുടക്കത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 12 റൺസെന്ന നിലയിൽ തകർന്ന സർവീസസിന്, മൂന്നാം വിക്കറ്റിൽ ഓപ്പണർ രവി ചൗഹാനും ക്യാപ്റ്റൻ രജത് പലിവാലും ചേർന്നുള്ള സെഞ്ചുറി കൂട്ടുകെട്ടാണ് വിജയം ഉറപ്പാക്കിയത്.

രവി ചൗഹാൻ സെഞ്ചുറിക്ക് അഞ്ച് റൺസ് മാത്രം അകലെ പുറത്തായി. 90 പന്തുകൾ നേരിട്ട ചൗഹാൻ 13 ഫോറും മൂന്നു സിക്‌സും സഹിതമാണ് 95 റൺസെടുത്തത്. ക്യാപ്റ്റൻ രജാത് പലിവാലാകട്ടെ, 86 പന്തിൽ എട്ടു ഫോറുകൾ സഹിതം 65 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ 167 പന്തിൽ ചൗഹാൻ പലിവാൽ സഖ്യം അടിച്ചുകൂട്ടിയത് 154 റൺസാണ്.

ഓപ്പണർ ലഖൻ സിങ് (മൂന്നു പന്തിൽ നാല്), മുംതാസ് ഖാദിർ (മൂന്നു പന്തിൽ നാല്) എന്നിവരാണ് സർവീസസ് നിരയിൽ പുറത്തായ മറ്റുള്ളവർ. കേരളത്തിനായി മനു കൃഷ്ണൻ ആറ് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. സിജോമോൻ ജോസഫ് എട്ട് ഓവറിൽ 41 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 175 റൺസിന് എല്ലാവരും പുറത്തായി. 10 ഓവറോളം ബാക്കിനിൽക്കെയാണ് കേരളം തകർന്നടിഞ്ഞത്. 85 റൺസെടുത്ത ഓപ്പണർ രോഹൻ എസ്. കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. മത്സരത്തിൽ ടോസ് നേടിയ സർവീസസ് കേരളത്തെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 

106 പന്തുകൾ നേരിട്ട രോഹൻ ഏഴു ഫോറും രണ്ടു സിക്‌സും സഹിതമാണ് 85 റൺസെടുത്തത്. രോഹനു പുറമേ കേരള നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 54 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 41 റൺസെടുത്ത വിനൂപ് മനോഹരൻ, 23 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്ത സച്ചിൻ ബേബി എന്നിവരാണ് രണ്ടക്കത്തിലെത്തിയവർ.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിലായിരുന്ന കേരളത്തിന്, വെറും 70 റൺസിനിടെയാണ് അവസാന എട്ടു വിക്കറ്റുകൾ നഷ്ടമായത്. 24 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, മൂന്നാം വിക്കറ്റിൽ രോഹൻ എസ്. കുന്നുമ്മൽ വിനൂപ് മനോഹരൻ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് തുണയായത്. മൂന്നാം വിക്കറ്റിൽ 105 പന്തിൽ ഇരുവരും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. വിനൂപ് പുറത്തായശേഷം കേരളം കൂട്ടത്തോടെ തകർന്നടിഞ്ഞു. അവസാന അഞ്ച് വിക്കറ്റുകൾ വെറും 14 റൺസിനിടെയാണ് കേരളത്തിന് നഷ്ടമായത്.

മുഹമ്മദ് അസ്ഹറുദ്ദീൻ (17 പന്തിൽ ഏഴ്), ജലജ് സക്‌സേന (0), ക്യാപ്റ്റൻ സഞ്ജു സാംസൺ (2), വിഷ്ണു വിനോദ് (4), സിജോമോൻ ജോസഫ് (9), മനു കൃഷ്ണൻ (4), എം.ഡി. നിധീഷ് (0), ബേസിൽ തമ്പി (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

എട്ട് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ദിവേഷ് പത്താനിയയുടെ നേതൃത്വത്തിലാണ് സർവീസസ് കേരളത്തെ എറിഞ്ഞിട്ടത്. അഭിഷേക് 7.4 ഓവറിൽ 33 റൺസ് വഴങ്ങിയും പുൽകിത് നരാംഗ് 10 ഓവറിൽ 51 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. രാജ് ബഹദൂർ പാൽ, രാഹുൽ സിങ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

മുൻപ് 2 തവണ ക്വാർട്ടർ കളിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ചാംപ്യന്മാരായി കേരളം ക്വാർട്ടറിലെത്തിയത് ഇതാദ്യമായിരുന്നു. കഴിഞ്ഞ തവണ ക്വാർട്ടറിൽ കർണാടകയോടു തോറ്റു പുറത്തായി. 2012 - 13 സീസണിൽ സെമിയിലെത്തിയതാണ് ടൂർണമെന്റിൽ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

ഇന്നലെ കർണാടകയെ 151 റൺസിനു തകർത്ത് തമിഴ്‌നാടും ഉത്തർപ്രദേശിനെതിരെ 5 വിക്കറ്റിനു ജയിച്ച് ഹിമാചലും സെമിഫൈനലിൽ കടന്നു.

സൗരാഷ്ട്ര വിദർഭയേയും ഏഴു വിക്കറ്റിനു തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭ 40.3 ഓവറിൽ 150 റൺസിന് എല്ലാവരും പുറത്തായി. 20.1 ഓവർ ബാക്കിനിർത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ സൗരാഷ്ട്രയും ലക്ഷ്യത്തിലെത്തി.

സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന 3ാം ക്വാർട്ടറിൽ സൗരാഷ്ട്രയുടെ വിജയവും അനായാസമായിരുന്നു. വിദർഭ ഉയർത്തിയ 151 റൺസിന്റെ ദുർബലമായ വിജയലക്ഷ്യം 20.1 ഓവറുകൾ ബാക്കിനിർത്തിയാണ് സൗരാഷ്ട്ര മറികടന്നത്. 35 റൺസിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ സൗരാഷ്ട്രയ്ക്ക്, പിരിയാത്ത നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത പ്രേരക് മങ്കാദ് വാസവദ സഖ്യമാണ് വിജയം സമ്മാനിച്ചത്. 120 പന്തുകൾ നേരിട്ട ഇരുവരും അടിച്ചുകൂട്ടിയത് 116 റൺസാണ്. മങ്കാദ് 72 പന്തിൽ 10 ഫോറും രണ്ടു സിക്‌സും സഹിതം 77 റൺസുമായി പുറത്താകാതെ നിന്നു. വാസവദ 66 പന്തിൽ ആറു ഫോറുകളോടെ 41 റൺസെടുത്തും പുറത്താകാതെ നിന്നു.

നേരത്തെ, ബാറ്റിങ് തകർച്ച നേരിട്ട വിദർഭ സൗരാഷ്ട്രയ്ക്കെതിരെ 150 റൺസിന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭ 40.3 ഓവറിലാണ് 150 റൺസിന് പുറത്തായത്. അർധസെഞ്ചുറി നേടിയ അപൂർവ് വാങ്കഡെയാണ് അവരുടെ ടോപ് സ്‌കോറർ. 69 പന്തുകൾ നേരിട്ട വാങ്കഡെ അഞ്ച് വീതം സിക്‌സും ഫോറും സഹിതം 72 റൺസെടുത്തു.

ക്യാപ്റ്റൻ ഫായിസ് ഫസൽ (59 പന്തിൽ 23), ആദിത്യ സർവാതെ (22 പന്തിൽ 14), അക്ഷയ് വാഡ്കർ (31 പന്തിൽ 18) എന്നിവരാണ് വിദർഭ നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ. സൗരാഷ്ട്രയ്ക്കായി ക്യാപ്റ്റൻ ജയ്‌ദേവ് ഉനദ്കട്, ചിരാഗ് ജാനി, ധർമേന്ദ്രസിങ് ജഡേജ, യുവരാജ് ചുദാസമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ചേതൻ സാകരിയ, പ്രേരക് മങ്കാദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.