- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാടിനെ കീഴടക്കി വിജയ് ഹസാരെ കിരീട നേട്ടത്തിൽ ഹിമാചൽ പ്രദേശ്; ആഭ്യന്തര ക്രിക്കറ്റിൽ ടീമിന്റെ ആദ്യ കിരീടം; കരുത്തായത് ശുഭം അറോറയുടെ മിന്നും സെഞ്ചുറി; പിന്തുണച്ച് അമിത് കുമാറും റിഷി ധവാനും
ജയ്പുർ: വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കരുത്തരായ തമിഴ്നാടിനെ കീഴടക്കി ഹിമാചൽ പ്രദേശ് കിരീട നേട്ടത്തിൽ. തമിഴ്നാട് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം ഹിമാചൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. മിന്നും സെഞ്ചുറിയുമായി ടീമിനെ ജയത്തിലെത്തിച്ച ശുഭം അറോറയാണ് മാൻ ഓഫ് ദ് മാച്ച്.
നിശ്ചിത സമയത്തു വെളിച്ചക്കുറവ് അനുഭവപ്പെട്ടതോടെ അംപയർമാർ വിജെഡി നിമയപ്രകാരം ഹിമാചൽ പ്രദേശിനെ 11 റൺസിനു വിജയികളായി നിശ്ചയിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഹിമാചൽ പ്രദേശിന്റെ ആദ്യ കിരീടമാണിത്. സ്കോർ തമിഴ്നാട്: 49.4 ഓവറിൽ 314; ഹിമാചൽ: 47.3 ഓവറിൽ നാല് വിക്കറ്റിന് 299
131 പന്തിൽ 13 ഫോറും ഒരു സിക്സും അടക്കം 136 നോട്ടൗട്ട് അടിച്ചുകൂട്ടിയ വിക്കറ്റ് കീപ്പർ ബാറ്റർ ശുഭം അറോറയുടെ മിന്നും സെഞ്ചുറിയാണ് ടീമിന്റെ ജയത്തിൽ നിർണായകമായത്. മധ്യനിര ബാറ്റർ അമിത് കുമാർ (79 പന്തിൽ 6 ഫോർ അടക്കം 74), ക്യാമിയോ ഇന്നിങ്സുമായി കളം നിറഞ്ഞ ക്യാപ്റ്റൻ റിഷി ധവാൻ (23 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 42 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
തമിഴ്നാടിനായി വാഷിങ്ടൻ സുന്ദർ, ആർ. സായ്കിഷോർ, മുരുഗൻ അശ്വിൻ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.നേരത്തെ, 40 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ തമിഴ്നാടിനെ ദിനേഷ് കാർത്തിക് (103 പന്തിൽ 8 ഫോറും 7 സിക്സും അടക്കം 116), ഇന്ദ്രജിത് (71 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം 80) എന്നിവർ ചേർന്നാണു കര കയറ്റിയത്.
അവസാന ഓവറുകളിൽ തകർത്തടിച്ച ഷാറുഖ് ഖാൻ (21 പന്തിൽ 3 വീതം ഫോറും സിക്സും അടക്കം 42), ക്യാപ്റ്റൻ വിജയ് ശങ്കർ (16 പന്തിൽ ഒന്നു വീതം ഫോറും സിക്സും അടക്കം 22) എന്നിവരാണു തമിഴ്നാടിനെ മികച്ച സ്കോറിലെത്തിച്ചത്. 9.4 ഓവറിൽ 59 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത പങ്കജ് ജെയിസ്വാൾ, 10 ഓവറിൽ 62 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ക്യാപ്റ്റൻ റിഷി ധവാൻ എന്നിവരാണ് ഹിമാചലിനായി ബോളിങ്ങിൽ തിളങ്ങിയത്.
സ്പോർട്സ് ഡെസ്ക്