മാർട്ട: ഇന്ത്യയിലെ ബാങ്കുകളെ സഹസ്രകോടികൾ പറ്റിച്ച് ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയുടെ സുഖജീവിതം അവസാനിക്കുകയാണോ? സ്വത്തുക്കൾ ഒന്നൊന്നായി കൈവിടുന്ന അദ്ദേഹത്തിന് ഏറ്റവുമൊടുവിൽ നഷ്ടമാകാൻ പോകുന്നത് അനേകം സുന്ദരിമാരുമായി ഉലകം ചുറ്റിയ വമ്പൻ യാട്ടാണ്. മല്യയുടെ ആഡംബര ജീവിതത്തിന്റെയും സുഖലോലുപതയുടെയും അടയാളമായിരുന്ന യാട്ട് ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് മാൾട്ട സർക്കാരാണ്. ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം കൊടുക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് ഈ യാട്ട് മാൾട്ട സർക്കാരിന്റെ കസ്റ്റഡിയിലാണിപ്പോൾ.

കിങ്ഫിഷർ എയർലൈൻസും മദ്യക്കമ്പനികളും ഫോഴ്‌സ് ഇന്ത്യ ഫോർമുല വൺ ടീമും ഐ.പി.എൽ ക്രിക്കറ്റ് ടീമുമൊക്കെയായി വാണിരുന്ന കാലത്ത് മല്യ അവധിയാഘോഷിക്കാൻ ഉപയോഗിച്ചിരുന്ന യാട്ടാണിത്. സുന്ദരിമാരുമായി ഈ യാട്ടിൽ കറങ്ങുകയായിരുന്നു മല്യയുടെ ഇഷ്ടവിനോദങ്ങളിലൊന്ന്. 6.7 കോടി പൗണ്ട് വിലവരുന്ന യാട്ട് ഒടുവിൽ മാൾട്ട സർക്കാർ പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിലെ ജീവനക്കാർക്ക് സെപ്റ്റംബർ മുതൽ ശമ്പളം നൽകിയിട്ടില്ലെന്ന പരാതിയെത്തുടർന്നായിരുന്നു ഇത്.

എട്ടുലക്ഷം പൗണ്ടോളമാണ് ജീവനക്കാർക്ക് കൊടുത്തുതീർക്കാനുള്ളതെന്ന് നോട്ടിലസ് ഇന്റർനാഷണൽ മാരിടൈം യൂണിയൻ വ്യക്തമാക്കി. ഇതിൽ നാലരലക്ഷം പൗണ്ടോളം ഇതിനകം ജീവനക്കാർ യാട്ടിൽനിന്ന് സ്വന്തമാക്കി. ശേഷിച്ച തുകയ്ക്കായാണ് ഇത് ലേലം ചെയ്യാനുദ്ദേശിക്കുന്നത്. സെലിബ്രിറ്റികളും മറ്റും ഉപയോഗിക്കുന്ന യാട്ടുകളിൽ ഇത്തരം സംഭവങ്ങൾ പതിവുള്ളതാണെന്നും ജീവനക്കാരെ ചൂഷണം ചെയ്യുന്ന നടപടികൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാൻ യൂണിയൻ നിർബന്ധമാവുകയാണെന്നും യൂണിയന്റെ നിയമോപദേഷ്ടാവ് ചാൾസ് ബോയ്ൽ പറഞ്ഞു.

ഇന്ത്യയിലെ ബാങ്കുകൾക്ക് 9000 കോടി രൂപയോളമാണ് മല്യ കൊടുത്തുതീർക്കാനുള്ളത്. ബ്രിട്ടനിലേക്ക് മുങ്ങിയ മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്നാവശ്യപ്പെട്ട് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബ്രിട്ടീഷ് കോടതിയെ സമീപിച്ചിരുന്നു. മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച് വെസ്റ്റ്മിനിസ്റ്റർ ചീഫ് മജിസ്‌ട്രേറ്റ് ആർബത്ത്‌നോട്ട് മെയ്‌ മാസത്തിൽ വിധിപറയുമെന്നാണ് ഇപ്പോഴത്തെ സൂചന. ഇന്ത്യയിലേക്ക് നാടുകടത്തിയാൽ തന്റെ ജീവൻ അപകടത്തിലാകുമെന്നാണ് മല്യ കോടതിയിൽ വാദിച്ചത്.

മല്യ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. മല്യയെ നാടുകടത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി തലത്തിൽ നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാനായില്ല. എന്നാൽ, ആഗോളതലത്തിൽതന്നെ മല്യക്കെതിരെ കടുത്ത നടപടി വരുമെന്നതിന്റെ സൂചനയായാണ് യാട്ട് ലേലം ചെയ്യാനുള്ള മാൾട്ട സർക്കാരിന്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഇത്തരം തട്ടിപ്പുകളും ഇന്ത്യക്ക് ബ്രിട്ടീഷ് കോടതിയിൽ സൂചിപ്പിക്കാനാവും.