ലണ്ടൻ: പതിനായിരം രൂപ കടമെടുത്തവൻ പലിശ നൽകി പലിശ നൽകി അവസാനം ആത്മഹത്യ ചെയ്യുന്നത് വരെ നിയമവുമായി വരുന്ന ഇന്ത്യയിൽ നിന്ന് വിവിധ ബാങ്കുകളിൽ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്ല്യയെ തൊടാൻ ഒരു നിയമത്തിനും കഴിഞ്ഞിരുന്നില്ല. ബ്രിട്ടനിൽ അഭയം തേടിയ മല്ല്യ അവിടെ സുഖവാസമാണ് നയിക്കുന്നത്. ഒടുവിൽ മല്ല്യയെ ഇന്ത്യയിൽ തന്നെ തിരികെയെത്തിക്കാനുള്ള വാദം ഇന്ന് ബ്രിട്ടനിൽ തുടങ്ങും.

മല്ല്യയെ വിട്ടുകിട്ടാനുള്ള അപേക്ഷയിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിലാണു വാദം നടക്കുന്നത്.17 ബാങ്കുകളിൽനിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്തു കടന്ന മല്യയ്ക്കായി ലണ്ടനിലെ പ്രശസ്ത ക്രിമിനൽ അഭിഭാഷകയായ ക്ലെയർ മോണ്ട്‌ഗോമെറിയാണ് ഹാജരാകുക.

മല്ല്യയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യയ്ക്കു വേണ്ടി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) ആണ് കേസ് വാദിക്കുന്നത്. 14 വരെ വാദം തുടരുന്ന കേസിൽ ഈ വർഷം അവസാനത്തോടെ വിധിയുണ്ടായേക്കും. ചീഫ് മജിസ്‌ട്രേറ്റ് എമ്മ ലൂയിസ് ആർബുത്നോട്ടാണ് വാദം കേൾക്കുന്നത്.വിധി മല്യയ്ക്ക് എതിരായാൽ രണ്ടുമാസത്തിനകം ഇന്ത്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും.എന്നാൽ മല്യയ്ക്ക് അപ്പീൽ കൊടുക്കാനുള്ള അവസരമുണ്ട്. അവ കൂടി തള്ളിയാൽ മാത്രമേ അന്തിമവിധി വരൂ.

ഇന്ത്യയിലെ ജയിലുകൾ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങൾ പതിവാണെന്നുമുള്ള മല്ല്യയുടെ പ്രധാന തടസ്സവാദത്തെ മറികടക്കാൻ മുംബൈ ആർതർ റോഡ് ജയിലിലെ സുരക്ഷാസംവിധാനങ്ങളിലെ മികവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി മറുവാദത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ബ്രിട്ടൺ മല്യയെ അറസ്റ്റ് ചെയ്തുവെങ്കിലും അറസ്റ്റിന് തൊട്ടുപിന്നാലെ മല്യ 6. 5 ലക്ഷം പൗണ്ടിന്റെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.