ന്യൂഡൽഹി: രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനായി ബ്രിട്ടനിൽ നടക്കുന്ന നടപടികളെക്കുറിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മല്യയെ കൈമാറുന്ന കേസിൽ ബ്രിട്ടനിലെ കോടതിയിൽ രഹസ്യ നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം ഒരു മാസ് മുൻപ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ നടപടിക്രമങ്ങൾ കഴിയുന്നത് വരെ മല്യയെ കൈമാറാൻ ബ്രിട്ടന് കഴിയില്ലെന്നും കേന്ദ്രം ഒക്ടോബർ 5 ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിന്റെ തൽസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ആറ് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്ന് പരമോന്നത കോടതി സർക്കാരിന് നിർദ്ദേശം നൽകി. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ത്യ ബ്രിട്ടന് നൽകിയത്. 2018 ഡിസംബറിൽ മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ലണ്ടൻ കോടതിയിൽ സമീപിച്ച മല്യയുടെ ഹർജി 2020 ഏപ്രിലിൽ കോടതി തള്ളി. സുപ്രീ കോടതിയിൽ അപ്പീൽ നൽകാനുള്ള മല്യയുടെ അവധി ആവശ്യവും ഹൈക്കോടതി നിരസിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ തവണ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ വിശദീകരിച്ചിരുന്നു.