ന്യൂഡൽഹി: കോടികൾ തട്ടിച്ചു രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യ ബാങ്കുകൾക്കെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തന്റെ വിദേശ സ്വത്തൊന്നും ബാങ്കുകൾ പരിശോധിക്കേണ്ടെന്നാണു മല്യയുടെ പ്രസ്താവന.

പ്രവാസികൾ വിദേശത്തുള്ള സ്വത്തുക്കൾ വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി മല്യ അറിയിച്ചു. വായ്പാ തട്ടിപ്പ് കേസിലാണു മദ്യ രാജാവു കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകാൻ അനുമതി നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മല്യയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരം ഏപ്രിൽ 21 നകം അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് മല്യ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. നേരത്തെ മൂന്ന് തവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഹാജരാകാതെ മല്യ ഒഴിഞ്ഞുമാറിയിരുന്നു. ബാങ്കുകളുമായി ഒത്തുതീർപ്പ് ചർച്ച പുരോഗമിക്കുകയാണെന്നും അതിനാൽ പിന്നീട് നേരിട്ട് ഹാജരാകാമെന്നും വ്യക്തമാക്കി മല്യ എൻഫോഴ്‌സ്‌മെന്റിന് കത്തയച്ചിരുന്നു. 17 പൊതുമേഖലാ ബാങ്കുകളിൽ നിന്നും കടമെടുത്ത 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.

വിദേശസ്വത്തുക്കളെപ്പറ്റിയുള്ള വിവരങ്ങൾ കോടതിയിൽ നൽകിയാൽ അത് ബാങ്കുകൾക്ക് കൈമാറരുത്. ജൂൺ 26ന് മുദ്രവച്ച കവറിൽ വിവരങ്ങൾ കൈമാറാമെന്നും മല്യ വ്യക്തമാക്കി. വിദേശത്തുള്ള സ്വത്തുക്കളുടെ അടിസ്ഥാനത്തിലല്ല തനിക്ക് ബാങ്കുകൾ വായ്പ നൽകിയതെന്നും മല്യ പറയുന്നു. 17 പൊതുമേഖലാ ബാങ്കുകളിൽനിന്നെടുത്ത 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.