മുംബൈ: ബാങ്ക് വായ്പ തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിന്റെ ഹെഡ് ക്വാട്ടേഴ്സായി പ്രവർത്തിച്ചിരുന്ന മുംബൈയിലെ കിങ്ഫിഷർ ഹൗസ് വിറ്റു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റൺ റിയാൽട്ടേഴ്സാണ് 52.25 കോടിരൂപയ്ക്ക് കെട്ടിടം വാങ്ങിയത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ(ഡി.ആർ.ടി.)ആണ് വിൽപന നടത്തിയത്.

മുംബൈയിലെ സാന്താക്രൂസിലെ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം സ്ഥിതി ചെയ്യുന്ന 17,000 ചതുരശ്ര അടി വരുന്ന കിങ്ഫിഷർ ഹൗസ് 2016 മാർച്ച് മുതൽ വിൽക്കാൻ ശ്രമം നടക്കുകയായിരുന്നു. ആദ്യം 150 കോടി രൂപയ്ക്കും പിന്നീടു 135 കോടിക്കും അതുകഴിഞ്ഞ് 115 കോടി രൂപയ്ക്കും ലേലം ചെയ്‌തെങ്കിലും ഏറ്റെടുക്കാൻ ആളെത്തിയില്ല.

അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 135 കോടിയുടെ മൂന്നിലൊന്ന് വിലയ്ക്കാണ് ഇപ്പോൾ വിൽപന നടന്നത്. ഈ തുക മല്യയ്ക്ക് പണം വായ്പ നൽകിയ ബാങ്കുകൾക്ക് ലഭിക്കും. മല്യയുടെ ആസ്തികൾ വിറ്റ് ഇതിനകം 7250 കോടി രൂപ ബാങ്കുകൾ തിരിച്ചുപിടിച്ചിരുന്നു.

അടിസ്ഥാന വില നിശ്ചയിച്ചത് 135 കോടി; മല്യയുടെ കിങ്ഫിഷർ ഹൗസ് വിറ്റത് 52.25 കോടി രൂപയ്ക്ക്; കെട്ടിടം വാങ്ങിയത് സാറ്റൺ റിയൽട്ടേഴ്‌സ്

കിങ്ഫിഷർ ഹൗസ് വിൽപനയിൽനിന്ന് കിട്ടുന്ന പണം മല്യക്ക് പണം വായ്പ നൽകിയ ബാങ്കുകൾക്കാണ് ലഭിക്കുക. മല്യയുടെ ഓഹരികൾ വിറ്റ് ഇതിനകം 7250 കോടി രൂപ ബാങ്കുകൾ തിരിച്ചുപിടിച്ചിരുന്നു. എസ്.ബി.ഐ. നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിങ്ഫിഷർ എയർലൈൻസ് നൽകാനുള്ളത്. 2019-ൽ മല്യയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇംഗ്ലണ്ടിലുള്ള മല്യയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്