തിരുവനന്തപുരം: തുപ്പാക്കിക്ക് ശേഷം സംവിധായകൻ എ ആർ മുരുഗദോസും വിജയും ഒന്നിക്കുന്ന സിനിമ 'കത്തി' തീയറ്ററുകളിൽ ആവേശം വിതച്ച് എത്തി. ദീപാവലി ദിനമായ ഇന്ന് രാവിലെ ആറ് മണി മുതൽ സിനിമയുടെ ആദ്യ പ്രദർശനം ആരംഭിച്ചു. തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. രാവിലെ അഞ്ച് മണിക്ക് മുമ്പ് തന്നെ തിയേറ്ററുകളിലേക്ക് ആരാധകരുടെ ഒഴുക്ക് തുടങ്ങി. ഫാൻസുകാരായിരുന്നു ആദ്യ പ്രദർശനത്തിനെത്തിയത്.

ലൈക്ക എന്ന പ്രൊഡക്ഷൻ കമ്പനിയുടെ പേര് ചിത്രത്തിൽ നിന്നും ഒഴിവാക്കുമെന്ന പ്രഖ്യാപനം പക്ഷേ കേരളത്തിൽ ഇത് നടപ്പായില്ല. ചിത്രം പ്രദർശിപ്പിച്ച തിയേറ്ററുകളിലെല്ലാം ലൈക്ക പ്രൊഡക്ഷൻസ് എന്ന പേരും എഴുതി കാണിച്ചു. ചിത്രം കണ്ടിറങ്ങിയ ആരാധകർ ആവശേത്തിലായിരുന്നു.കൊട്ടും ബഹളവും പടക്കം പൊട്ടക്കലുമൊക്കെയായിട്ടായിരുന്നു ആരാധകർ കത്തിയെ എതിരേറ്റത്. വിജയ് ചിത്രം തുപ്പാക്കിയെയും തോൽപ്പിക്കുന്നതാകുമെന്നാണ് ആരാധകരുടെ പക്ഷം. ദീപാവലി വെടിക്കൊട്ടിന് തുല്യമെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

അതേസമയം മാസ് ചിത്രമല്ലെന്നും ഒരു ക്ലാസ് ചിത്രമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. സിനിമയിൽ വിജയ് ഡബിൾ റോളിലാണ് എത്തിയതെന്നത് ആരാധകർക്ക് ആവേശം കരുതുന്നു. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് മാസ് പരിവേഷം ഇല്ലാതെയാണ് വിജയ് സ്‌ക്രീനിൽ രംഗപ്രവേശം ചെയ്യുന്നതെന്നാണ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ എഴുതിയ റിവ്യൂയിൽ അഭിപ്രായപ്പെടുന്നത്.

എഎഫ്എക്‌സ് മൂവി ഗ്രൂപ്പിൽ വിഷ്ണു വിനായക് ചിത്രത്തെ കുറിച്ച് എഴുതിയത് ഇങ്ങനെ:

പടം ആരധകർക്കുള്ള ഷോ ആയിരുന്നു അതിനാല താനേ ആവേശഭരിതമായിരുന്നു ടാക്കിസ് മുഴുവൻ! യാതൊരു തരത്തിലുള്ള മാസ് പരിവേഷവും നൽകാതെയാണ് വിജയുടെ കടന്നുവരവ്. ജയിൽ വേഷത്തിൽ രക്ഷപ്പെടുന്ന ജയിൽ പുള്ളിയായിട്ടാണ് മൂപ്പരുടെ ഇൻട്രോ പിന്നീട്, അതിന്റെ ഫ്‌ളാഷ് ബാക്ക് കാണിച്ചു രസകരമായി 'കതിരേശൻ' എന്നാ കള്ളൻ വിജയ് ജയിൽ ചാടുന്നു. ഇന്ത്യയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന കതിരേശൻ നായികയെ കണ്ടു മനം മയങ്ങി അവൾക്കു പുറകെ പോയി കബിളിപ്പിക്കപ്പെടുന്നു. അതിനിടയിൽ വന്ന പാട്ട് പക്ഷെ അത്ര ആവേശം ഒന്നും നൽകിയില്ല. അങ്ങനെ യാദൃച്ഛികമായി രണ്ടാമത്തെ വിജയെ കാണുന്നു. വെടിയേറ്റ് വില്ലന്മാരാൽ ആക്രമിക്കപ്പെടുന്ന ആ 'അപരിചിത വിജയെ' ആശുപത്രിയിൽ നിന്നും 'കതിരെശനാക്കുന്നു ' അവിടെ നടന്ന ആൾമാറാട്ടത്തിലൂടെ കഥ മുന്നോട്ടു പോകുന്നു. പിന്നീടു വളരെ പതിയെ കഥ മുന്നോട്ടു പോകുന്നു. പക്ഷെ ഇവിടെ ഒന്നും അത്ര ലാഗ് ഉള്ളതായി എനിക്ക് അനുഭവപ്പെട്ടില്ല! പിന്നീടു ഒരിത്തിരി ആവേശം നൽകി ഇന്റെർവൽ പ്രതീക്ഷയുള്ളതാകുന്നു. ഇന്റെർവെല്ലിനു ശേഷം ചിത്രം വലിച്ചിൽ അനുഭവപ്പെടും. പിന്നീടു വലിയ ട്വിസ്റ്റ് ഒന്നും ഇല്ലാതെ കഥ ശുഭമായി പര്യവസാനിക്കുന്നു. വിജയ് ആരാധകർക്ക് വിരുന്നൊരുക്കുന്നതാണ്.