ചെന്നൈ: തിയേറ്ററുകളെ ഇളക്കിമറിച്ച് ഇളയദളപതിയുടെ സർക്കാർ 100 കോടി ക്ലബിൽ. അതും റെക്കോർഡ് സ്ഥാനം കൈവരിച്ചാണ് സർക്കാർ ഇപ്പോൾ മുന്നേറുന്നത്. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസത്തിനുള്ളിൽ വൻ വിവാദമാണ് സൃഷ്ടിച്ചത്. സിനിമയിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സിനിമയ്‌ക്കെതിരെ തിരിഞ്ഞതും വിവാദത്തിന് തിരി കൊളുത്തിയ ഒന്നായിരുന്നു.

റിലീസ് ചെയ്ത് നാലു ദിവസത്തിനകം 150 കോടിയാണ് ചിത്രം കലക്ഷൻ നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ലോക വ്യാപകമായി 3000ൽ അധികം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ ചിത്രം 100 കോടി ക്ലബ് കടന്നിരുന്നു. വിജയിയുടെ സർവകാല റെക്കോർഡ് ചിത്രം 'തെരി'യെ സർക്കാർ മറികടന്നിരിക്കുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കകം തന്നെ 200 കോടിക്ക് മുകളിൽ കളക്ഷൻ പിന്നിടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

വിജയ് നായകനായി 100 കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ ചിത്രമാണ് സർക്കാർ. വേഗത്തിൽ 100 കോടി സ്വന്തമാക്കിയ തമിഴ് ചിത്രമെന്ന പുതിയ റെക്കോർഡും സർക്കാർ സ്വന്തമാക്കി. ബാഹുബലി 2ന്റെ തമിഴ്‌നാട്ടിലെ ആദ്യദിന കളക്ഷനും സർക്കാർ തകർത്തുവെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇനി ഏറ്റവും കൂടുതൽ പണം വാരുന്ന തമിഴ് ചിത്രമെന്ന നേട്ടം കൂടി സർക്കാർ മറികടക്കുമെന്നാണ് ആരാധകരും നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സും പ്രതീക്ഷിക്കുന്നത്.