ചെന്നൈ: സ്വന്തം സിനിമകൾ വിജയിച്ചാൽ ആഘോഷം വ്യത്യസ്തമാക്കാറുള്ള നടൻ വിജയ് ഇക്കുറിയും പതിവു തെറ്റിച്ചില്ല. പുതിയ ചിത്രം ഭൈരവാ ബോക്‌സ് ഓഫീസിൽ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചു മുന്നേറുമ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർക്ക് വിജയ് പ്രത്യേക സമ്മാനം തന്നെ നല്കി.

ഭൈരവയിലെ നായിക കീർത്തി സുരേഷിന് വിജയുടെ സമ്മാനമായി കിട്ടിയത് മനോഹരമായ ബ്രെയ്സ്ലെറ്റാണ്. വിജയ് തന്നെ ഇത് കീർത്തിയുടെ കൈയിലണിയിച്ച് കൊടുക്കുകയും ചെയ്തു. സിനിമയ്ക്കായി പ്രവർത്തിച്ച മറ്റെല്ലാവർക്കും സമ്മാനമായി സ്വർണ്ണ മാലയും വിജയ് നൽകി. സിനിമ റിലീസായി വൻ ബോക്സോഫീസ് കളക്ഷൻ നേടിയപ്പോൾ തന്നെ വിജയാഘോഷ പാർട്ടി നടത്താൻ തീരുമാനിച്ചിരുന്നതായിരുന്നു, എന്നാൽ ജെല്ലിക്കെട്ട് വിവാദം കാരണം നീണ്ടു പോവുകയായിരുന്നു.

വിജയുടെ 60ാം സിനിമ ആണ് ഭൈരവാ. വിജയുടെ തന്നെ 'അഴകിയ തമിഴ് മകൻ' സംവിധാനം ചെയ്തത് ഭരതനാണ് ഇതും സംവിധാനം ചെയ്തത്. കേരളത്തിൽ തിയേറ്റർ സമരം നടക്കുന്നതിനിടെയാണ് വിജയ് ചിത്രമായ ഭരവാ റിലീസ് ചെയ്തത്. മലയാള ചിത്രങ്ങൾ തിയേറ്ററുകളിൽ ഇല്ലാതിരുന്നതിനാൽ വൻ വിജയമാണ് ഭൈരവാ കേരളത്തിൽ നേടിയത്.