ഭിനയ മികവു കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ അനിഷേധ്യമായ സ്ഥാനം നേടിയെടുത്ത നടൻ വിജയസേതുപതി മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ മലയാള സിനിമയിലേക്കുള്ള ചുവടുവെയ്‌പ്പ്. മർക്കോണി മത്തായി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സനിൽ കളത്തിലാണ് സംവിധാനം ചെയ്യുന്നത്.

സിനിമയുടെ പേര് വിവരങ്ങൾ ജയറാം തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. സത്യം മൂവീസിന്റെ ബാനറിൽ പ്രേംചന്ദ്രൻ എം.ജിയാണ് ചിത്രം നിർമ്മിക്കുന്നത്. ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രം ഒരേസമയം മലയാളത്തിലും തമിഴിലുമായിട്ടാണ് നിർമ്മിക്കുന്നത്. ഗോവ, ചെന്നൈ, എറണാകുളം, ചങ്ങനാശ്ശേരി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ചിത്രത്തിൽ എക്സ് മിലിട്ടറിമാൻ മത്തായി എന്ന കഥാപാത്രമായിട്ടാണ് ജയറാം എത്തുന്നത്.

രജീഷ് മിഥിലയും സംവിധായകനും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സാജൻ കളത്തിൽ ഛായാഗ്രഹണവും എം. ജയചന്ദ്രൻ സംഗീതവും നിർവഹിക്കുന്നു. ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവഹിക്കുന്നു. സത്യം ഓഡിയോസ്്, സത്യം മൂവീസ് എന്ന ബാനറിലൂടെ നിർമ്മാണ രംഗത്തേക്ക് കടക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്

ഇതുവരെ ഒറ്റ മലയാളചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് വിജയ് സേതുപതി. വിജയ് സേതുപതിയും നായകനായെത്തിയ 96 ന് കേരളത്തിലും മികച്ച വരവേൽപ്പാണ് ലഭിച്ചത്. കോടികൾ കൈയിൽ നിന്ന് മുടക്കിയാണ് 96 എന്ന ചിത്രം വിജയ് സേതുപതി തിയേറ്ററുകളിലെത്തിച്ചത്. സീതാക്കാതിയാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സീതാക്കാതി ഇന്ന് തിയേറ്ററുകളിലെത്തും. രജനികാന്തിന് ഒപ്പമുള്ള പേട്ടയാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു വിജയ് ചിത്രം. അത് പൊങ്കലിന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ വില്ലൻ റോളിലാണ് വിജയ് എത്തുക.