വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എ.ആർ മുരുഗദോസ്-വിജയ് കൂട്ടുകെട്ടിൽ പിറന്ന സർക്കാർ. തുപ്പാക്കി', 'കത്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ നടൻ വിജയ് നടത്തിയ പ്രസംഗമാണിപ്പോൾ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്.

പൊതുവേദികളിൽ അധികം സംസാരിക്കാൻ കൂട്ടാക്കാത്ത നടനാണ് വിജയ്. ഒന്നോ രണ്ടോ വാക്കുകളിൽ പറയാനുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്ന അദ്ദേഹം സർക്കാർ സിനിമയുടെ ഓഡിയോ ലോഞ്ചിൽ മികച്ച താമശ നിറഞ്ഞ വാക്കുകളിലൂടെ കാണികളുടെ കൈയടി നേടി.

'എന്റെ നെഞ്ചിൽ എപ്പോഴുമുള്ള സ്നേഹിതരെ' എന്ന് ആരാധകരെ വിശേഷിപ്പിച്ചാണ് വിജയ് പ്രസംഗം തുടങ്ങിയത്. പിന്നാലെ സിനിമയെക്കുറിച്ച് സംസാരിച്ചു. റഹ്മാൻ സംഗീതം നൽകിയതോടെ സർക്കാരിന് ഓസ്‌കാർ ലഭിച്ചതു പോലെയാണെന്ന് വിജയ് പറഞ്ഞു. സാധാരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷമാണ് സർക്കാർ രൂപീകരിക്കുന്നത്. എന്നാൽ ഞങ്ങൾ സർക്കാർ രൂപീകരിച്ച ശേഷം മത്സരത്തിനിറങ്ങാൻ പോവുകയാണെന്ന് വിജയ് പറഞ്ഞത് കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. താൻ സിനിമയെക്കുറിച്ച് മാത്രമാണ് ഇത് പറഞ്ഞതെന്നും താരം വ്യക്തമാക്കി.

മാത്രമല്ല രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയായാൽ എങ്ങിനെയുണ്ടാകും എന്ന അവതാരകന്റെ ചോദ്യത്തിനാണ് വിജയ് ഒരു പ്രസംഗം തന്നെ മറുപടിയായി നൽകിയതും ശ്രദ്ധ നേടുകയാണ്.മുഖ്യമന്ത്രിയായാൽ താൻ അഭിനയിക്കില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മുഖ്യമന്ത്രി ആയാൽ താങ്കൾ മാറ്റണമെന്ന് ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ച ആരാധകനോട് അത് അഴിമതി ആണെന്നായിരുന്നു വിജയ് പറഞ്ഞത്. അഴിമതി മാറ്റുന്നത് അത്ര എളുപ്പമല്ലെന്നും കാരണം അത് മുഴുവൻ പകർച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുകയാണെന്നും പക്ഷെ അഴിമതി തീരണമെന്നും വിജയ് പറഞ്ഞു. ആയിരക്കണക്കിന് പേർ തിങ്ങിനിറഞ്ഞ സദസ് കയ്യടിയോടെയാണ് ഇളയ ദളപതിയുടെ പ്രസംഗത്തെ ഏറ്റെടുത്തത്.

എന്നാൽ നേരത്തെ സർക്കാരിലെ വിജയുടെ കഥാപാത്രത്തെക്കുറിച്ച് ചില അഭ്യൂഹങ്ങൾ ഉണ്ടായിരിന്നു. മുഖ്യമന്ത്രിയായാണഅഭിനയിക്കുന്നതെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ താൻ മുഖ്യമന്ത്രി ആയല്ല ചിത്രത്തിൽ എത്തുന്നതെന്ന് താരം വ്യക്തമാക്കി.

കീർത്തി സുരേഷാണ് സർക്കാരിൽ വിജയിന്റെ നായികയാകുന്നത് രാധാ രവി, പ്രേം കുമാർ, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന് വേണ്ടി എആർ റഹ്മാൻ ഈണമിട്ട പാട്ടുകൾ യു ട്യൂബിൽ തരംഗമാണ്.