ചെന്നൈ: ജെല്ലിക്കെട്ടിനെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങളേയും അക്രമങ്ങളേയും കുറിച്ചും അക്രമ സംഭവങ്ങളിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ വിരമിച്ച ജഡ്ജി രാജേശ്വരനെ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

പരമ്പരാഗതമായി തമിഴ്‌നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. ഇത് നിരോദിക്കാനുള്ള ശ്രമത്തിനിടെ ഇതിന്റെ ഭാഗമായി പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത നടീ നടന്മാർക്കും കമ്മഷൻ സമൻസ് അയച്ചിട്ടുണ്ട്. വിജയ്, നയൻതാര, കാർത്തി, സൂര്യ, ശിവകാർത്തികേയൻ, രാഘവ ലോറൻസ, ജി.വി പ്രകാശ് തുടങ്ങിയ താരങ്ങൾക്കാണ് കമ്മീഷൻ സമൻസ് അയച്ചത്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കാണിച്ച് ഇതിന് പൂർണ പിന്തുണയുമായി രംഗത്ത് വന്ന താരങ്ങളാണിവരെല്ലാം.

1951 ആളുകളിൽ നിന്ന് തെളിവെടുക്കാനാണ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. 447 പേർക്ക് സമസ് അയച്ചിരുന്നു. പ്രതിഷേധ പരിപാടികൾക്കിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും സമൻസ് അയച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകളിലാണ് ജല്ലിക്കെട്ട് നടക്കുന്നത്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ഈ വിനോദം അരങ്ങേറുന്നത്. മധുരയ്ക്കു സമീപമുള്ള അലങ്ങാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തിയാർജിച്ച സ്ഥലം. ഇത് ഏറുതഴുവൽ എന്നും അറിയപ്പെടുന്നു.

മൃഗക്ഷേമ സംഘടനയായ 'പെറ്റ'യും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും ജല്ലിക്കെട്ടിനെതിരെ 2004 മുതൽ രംഗത്തുണ്ട്. 2014 മെയ് ഏഴിനാണ് സുപ്രീംകോടതി ജല്ലിക്കെട്ടിന് നിരോധനമേർപ്പെടുത്തിയത്. 2015-ലും 2016-ലും ജല്ലിക്കെട്ട് നടത്താനായിട്ടില്ല. 2017 ൽ ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദിവസങ്ങളോളം നീണ്ടു നിന്ന വിദ്യാർത്ഥി - യുവജന പ്രക്ഷോഭം നടന്നു. പിന്തുണ അറിയിക്കാനായി വിദ്യാർത്ഥികളും ചെറുപ്പക്കാരുമുൾപ്പടെ ആയിരക്കണക്കിന് പേർ ചെന്നൈ മറീനാ ബീച്ചിൽ പ്രതിഷേധവുമായി അണിനിരന്നു.

മുഖ്യമന്ത്രി ഒ. പനീർശെൽവം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനു പേരെ വിദ്യാർത്ഥികൾ സമരവേദിയിലെത്തിച്ചു. വിജയ്, സൂര്യ, വിക്രം, നയൻ താര, തുടങ്ങി നിരവധി സിനിമാതാരങ്ങളും ജല്ലിക്കട്ടിന് അനുകൂലമായ പ്രസ്താവനകളുമായി എത്തി, എ.ആർ റഹ്മാൻ ഉപവാസം നടത്തി, പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. മഹാരാഷ്ട്രയുടെ ചുമതലയുള്ള തമിഴ്‌നാട് ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവു ശനിയാഴ്ച ചെന്നൈയിലെത്തി ജല്ലിക്കെട്ടിനുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചു. എന്നാൽ താൽകാലികമായ ഓർഡിൻസ് പോര എന്ന നിലപാടിലാണ് സമരസമിതി സ്വീകരിച്ചത്. ഇതിനായി നിയമ നിർമ്മാണം നടത്തണമെന്നാണ് ചെന്നൈയിലെ മറീന ബീച്ചിലും മറ്റും നടന്ന പ്രതിഷേധങ്ങൾ വഴി ആവശ്യപ്പെട്ടത്.