- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്ക് പ്രാവർത്തികമാക്കി വിജയയാത്ര; ഇന്നലെ മാത്രം ബിജെപിയിൽ ചേർന്നത് റിട്ട .ജഡ്ജിമാർ , കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങളുൾപ്പെടെ 50 ഓളം പ്രമുഖർ; ജാഥാ സമാപനത്തെ ഉറ്റുനോക്കി കേന്ദ്രവും
കൊച്ചി : വിജയയാത്ര പ്രയാണം പുരോഗമിക്കുന്തോറും പാർട്ടിയിലേക്കുള്ള പ്രമുഖരുടെ ഒഴുക്കും വർധിക്കുന്നു. കഴിഞ്ഞ ദിവസം തൃപ്പുണിത്തുറയിൽ നടന്ന ജാഥ സ്വീകരണത്തിൽ ഹൈക്കോടതി റിട്ട. ജഡ്ജി പി.എൻ.രവീന്ദ്രനും മുൻ ഡിജിപി വേണുഗോപാലൻ നായരും ഉൾപ്പെടെ നിരവധി പേരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.ഇന്നലെ മാത്രം 50 ഓളം പ്രമുഖർ ബിജെപിയിലെത്തി. കേരളത്തിലെ മുന്നണികൾ രണ്ടും അഴിമതിക്കാരാണെന്നും അതിനെതിരെയുള്ള പോരാട്ടമാണ് ബിജെപി നടത്തുന്നതെന്നുമാണ് അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.ഈ ആശയത്തിലുന്നി പ്രവർത്തിക്കുന്നതുകൊണ്ടാണ് പ്രമുഖർ ബിജെപിയെ തെരഞ്ഞെടുക്കുന്നതെന്നാണ് ബിജെപിയുടെ പക്ഷം.
റിട്ട. ജഡ്ജി പി.എൻ.രവീന്ദ്രൻ മുൻ ഡിജിപി വേണുഗോപാലൻ നായർ എന്നിവരെ കൂടാതെ വി. ചിദംബരേഷ്, റിട്ട. അഡ്മിറൽ ബി.ആർ. മേനോൻ, ബി.പി.സി.എൽ റിട്ട. ജനറൽ മാനേജർമാരായ സോമചൂഢൻ, എം. ഗോപിനാഥൻ, റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ദൂരദർശൻ ) കെ.എ. മുരളീധരൻ,ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. രവികുമാർ, പബ്ലിക്ക് പോളിസി വിദഗ്ദ്ധ വിനീത ഹരിഹരൻ, കേരള കോൺഗ്രസ് (ജേക്കബ്ബ്) ജില്ലാ ജനറൽ സെക്രട്ടറി സജോൾ പി.കെ, ഡി.സി.സി അംഗം ഷിജി റോയ്, അനിൽ മാധവൻ, റാണി.കെ (ജനകീയ മുന്നേറ്റം), തിരക്കഥാകൃത്തും ഗാനരചയിതാവുമായ വിനോദ് ചന്ദ്രൻ, ഡോ. ഹറൂൺ (ന്യൂറോ സർജറി ഹെഡ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ), അഡ്മിറൽ ബി.ആർ.മേനോൻ, മുൻ ഡപ്യൂട്ടി ജിഎം കെ.രവികുമാർ, ഡോ.പ്രസന്നകുമാർ, തോമസ് പി. ജോസഫ്, കെ.എ.മുരളി, ഷിജി റോയി തുടങ്ങി അമ്പതോളം പേർ ബിജെപി അംഗത്വം സ്വീകരിച്ചു.
കേന്ദ്രത്തിൽ നിന്നുള്ള ഇടപെടൽ അടക്കം പ്രമുഖർ പാർട്ടിയിൽ എത്താൻ ഇടയാക്കുന്നുണ്ട്. നേമത്ത് മാത്രം ഒതുങ്ങുന്നതല്ല ബിജെപിയുടെ പ്രതീക്ഷകൾ. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക അമിത്ഷായാകും. നാൽപതു മണ്ഡലങ്ങളിൽ എങ്കിലും വിജയപ്രതീക്ഷ വെക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അടുത്ത നിയമസഭയിൽ അഞ്ചുപേർ ബിജെപിക്കുണ്ടാകുമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനു നൽകിയിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും, മെട്രോമാൻ ഇ.ശ്രീധരനും മുൻ ഡി.ജി.പി ജേക്കബ് തോമസ്, സുരേഷ് ഗോപി അടക്കമുള്ളവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ട്. നിലവിൽ പാർട്ടിയിലേക്ക് എത്തുന്ന പ്രമുഖരുടെ സ്ഥാനാർത്ഥിയായി രംഗത്തുണ്ടാകും. കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, എം ടി രമേശ്, പി.കെ കൃഷ്ണദാസ് അടക്കമുള്ളവർ പ്രധാനമണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാകുമെന്നതും ഉറപ്പാണ്. മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രൻ അറിയിച്ചെങ്കിലും ജയസാധ്യതയുള്ള മണ്ഡലത്തിൽ നിർത്തി സുരേന്ദ്രനെ നിയമസഭയിൽ എത്തിക്കണമെന്നാണ് ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.
കഴിഞ്ഞ തവണ 10000 ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണമെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ നാലിടത്തിനു പുറമേ ഒരു സീറ്റു കൂടിയാണ് ബിജെപി ഷുവർ സീറ്റായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അഞ്ചു അംഗങ്ങൾ എങ്കിലും കുറഞ്ഞത് ബിജെപിയിൽ നിന്നു ഉണ്ടായില്ലെങ്കിൽ ശക്തമായ നടപടി ഏറ്റുവാങ്ങാൻ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോദി തരംഗത്തിന്റെ മാത്രം പിൻബലത്തിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളിൽ ഇക്കുറി ഒന്നാം സ്ഥാനത്തെത്താൻ കഴിയുമെന്ന് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞതവണ രണ്ടാമതെത്തിയത്. മഞ്ചേശ്വരത്തായിരുന്നു ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത്. അതുകൊണ്ടു തന്നെ ഒരിക്കൽ കൂടി മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. വെറും 89 വോട്ടുകൾക്കാണ് കെ. സുരേന്ദ്രന് അന്നു മണ്ഡലം നഷ്ടമായത്.വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി. മുരളീധരനും ശക്തമായ പോരാട്ടം നടത്തിയാണ് രണ്ടാമതെത്തിയത്. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയിൽ സി.കൃഷ്ണകുമാറും കാസർകോട്ട് രവീശ തന്ത്രിയും കൊല്ലം ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും മികച്ച പ്രകടനം നടത്തി. ശബരിമല വികാരം നിലനിൽക്കുന്നതിനാൽ ഇക്കുറി ചെങ്ങന്നൂരിലും പ്രതീക്ഷയുണ്ട്.
വിജയ യാത്ര കേരളത്തിൽ ഓരോ ജില്ലയിൽ എത്തുമ്പോഴും അവിടുത്തെ പ്രമുഖരെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ നേതാക്കളും അണികളും ശ്രദ്ധിക്കുന്നുണ്ട്. യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്ന സമയത്ത് പല പ്രമുഖരും ബിജെപിയിൽ ഉണ്ടാകും എന്നാണ് കെ സുരേന്ദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മെട്രോമാൻ ഇ ശ്രീധരനെയും മുൻ ഡിജിപി ജേക്കബ് തോമസിനെയും നേരത്തെ പാർട്ടിയിൽ എത്തിച്ചു കഴിഞ്ഞു.ഇപ്പോൾ റിട്ട ജസ്റ്റീസ്മാരും ഇതേപടി പാർട്ടിയിലെത്തുമ്പോൾ പറഞ്ഞ വാക്കുകൾ അതേപടി പ്രാവർത്തികമാക്കിയാണ് ജാഥ പുരോഗമിക്കുന്നത്
മറുനാടന് മലയാളി ബ്യൂറോ