മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ അവസാന വാരം വിപുലമായ നവരാത്രി മഹോത്സവവും എഴുത്തിനിരുത്തും സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഈ വർഷത്തെ എഴുത്തിനുരുത്ത് ചടങ്ങുകൾക്ക് നേതൃത്വം നൽകും.

2000ൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആദ്യാക്ഷരം കുറിക്കൽ കഴിഞ്ഞ 16 വർഷമായി മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്ക് മാതൃകയായി ഒട്ടേറെ നൂതന പരിപാടികൾ ആരംഭിച്ച കേരളീയ സമാജം ഈ രംഗത്തും പുതിയ ചുവടുവെപ്പാണ് നടത്തിയതെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള പറഞ്ഞു.

ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സമാജം അംഗ ഭേദമന്യേ ഏവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ് . ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് മുൻഗണനാടിസ്ഥാനത്തിൽ അവസരം ലഭിക്കുക. സമാജം ഓഫീസിൽ നേരിട്ട് വന്നാണ് രജിസ്റ്റർ ചെയ്യേണ്ടത്. സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വൻ വിജയമാക്കണമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി  എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങള്ക്കും രജിസ്‌ട്രേഷനും രാമചന്ദ്രൻ കെ. 33988231 അല്ലെങ്കിൽ സമാജം ഓഫീസ് നമ്പരിൽ 17251878 വിളിക്കാവുന്നതാണ്.