ലോകമെങ്ങും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചങ്കെലും സോഷ്യൽ മീഡിയയുടെ താരമായത് തിരശീലയിൽ കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളൊരുക്കുന്ന വിജയ്കാന്താണെന്ന് വേണം പറയാൻ. യോഗ കണ്ടു പഠിച്ച് ചെയ്യാൻ പാടുപെടുന്ന വിജയ്കാന്തിന്റെ ശ്രമങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറിയത്.

വിജയ്കാന്തിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന ചടങ്ങിലാണ് തമിഴകം ഉൾപ്പെടെ ഞെട്ടിയ സംഭവം.യോഗയിലെ ഒരു പ്രമുഖ ആസനം താരം ചെയ്യുന്നതിന്റെ ചിത്രം പതിപ്പിച്ച വലിയ ഒരു പോസ്റ്റർ വേദിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ പോസ്റ്ററിന് മുമ്പിലാണ് ക്യാപ്റ്റൻ യോഗയ്ക്ക് നേതൃത്വം നൽകുന്നത്. ചടുല നൃത്തങ്ങൾക്കൊണ്ടും തകർപ്പൻ ആക്ഷനിലൂടെയും ആരാധകരെ ഞെട്ടിക്കുന്ന ക്യാപ്റ്റന്റെ യോഗ അഭ്യാസം ആദ്യമൊരു അന്ധാളിപ്പ് സമ്മാനിക്കുമെങ്കിലും പിന്നീട് തലതല്ലി ചിരിക്കാനുള്ള വകയ്ക്കുണ്ടെന്നുവേണം പറയാൻ.

എല്ലാവരും യോഗ ചെയ്യണമെന്നാണ് ചടങ്ങിന് ശേഷം വിജയ്കാന്ത് ദേശിയ മാദ്ധ്യമങ്ങളോട് പറഞ്ഞത്. താൻ സ്ഥിരമായി 108 പത്മാസനങ്ങൾ ചെയ്തിരുന്നതായും തന്റെ ആരോഗ്യത്തിന്റെ രഹസ്യം യോഗയാണെന്നും താരം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ വെള്ളിത്തിരയിൽ ക്യാപ്റ്റന്റെ പല അഭ്യാസങ്ങളും കണ്ട് ആരാധകർ അന്തം വിട്ടിരുന്നിട്ടുണ്ടെങ്കിലും വിജയ്കാന്തിന്റെ യോഗ കണ്ടതോടെ ആരാധകർ ശരിക്കും ഞെട്ടിയെന്നാണ് വിവരം.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാൻ ശ്രമിക്കുന്ന ക്യാപ്റ്റൻ പ്രധാനമന്ത്രിയെ ഒന്ന് ഇംപ്രസ് ചെയ്യാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെങ്കിലും ആകെ കൈവിട്ട കളിയായി പോയെന്നാണ് ആളുകളുടെ വിലയിരുത്തൽ. എന്തായാലും നിങ്ങലും ഒന്നു കണ്ടുനോക്കു യോഗാഭ്യാസം.