- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിലെ നവീകരണം ദേശീയ ഗെയിംസ് ഫണ്ടുപയോഗിച്ചോ? ഇടത് സർക്കാരിന്റെ കാലത്ത് വകമാറ്റൽ നടന്നില്ല; ഗെയിംസ് സെക്രട്ടറിയേറ്റിൽ താനെത്തിയത് 2013ൽ; ബജറ്റുണ്ടാക്കിയതിലും പങ്കില്ല; തിരുവഞ്ചൂരിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വിജയകുമാർ
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഫണ്ടുകൾ ഇടതു സർക്കാരിന്റെ കാലത്ത് വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തിന് വിശദീകരണവുമായി മുൻ കായിക മന്ത്രി എം വിജയകുമാർ രംഗത്ത്. ഗണേശും വിജയകുമാറും ചേർന്നാണ് ഗെയിംസ് ബജറ്റ് തയ്യാറാക്കിയതെന്ന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വാദം പച്ചക്കള്ളമാണെന്നും വിജയകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സിബിഐ അന
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഫണ്ടുകൾ ഇടതു സർക്കാരിന്റെ കാലത്ത് വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തിന് വിശദീകരണവുമായി മുൻ കായിക മന്ത്രി എം വിജയകുമാർ രംഗത്ത്. ഗണേശും വിജയകുമാറും ചേർന്നാണ് ഗെയിംസ് ബജറ്റ് തയ്യാറാക്കിയതെന്ന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വാദം പച്ചക്കള്ളമാണെന്നും വിജയകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സിബിഐ അന്വേഷണം തുടങ്ങിയതോടെ മനോനില തെറ്റിയാണ് തിരുവഞ്ചൂരിന്റെ ആരോപണങ്ങളെന്നും മുൻകായിക മന്ത്രി വ്യക്തമാക്കി.
ദേശീയ ഗെയിംസ് അഴിമതിയെക്കുറിച്ച് അന്വേഷിച്ചാൽ കുടുങ്ങുന്ന ചിലരുണ്ടെന്ന് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ പറഞ്ഞിരുന്നു. ദേശീയ ഗെയിംസിന്റെ തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. മുൻ കായിക മന്ത്രി ഗണേശ് കുമാറിന്റെയും എം വിജയ കുമാറിന്റെയും കാലത്താണ് തീരുമാനങ്ങൾ എടുത്തത്. ഗെയിംസ് ബജറ്റിൽ ഒപ്പിട്ടതും ഗണേശ് കുമാറും വിജയകുമാറുമാണ്. മുൻ സർക്കാർ ദേശീയ ഗെയിംസിന്റെ തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. ഗെയിംസുമായി വിദൂര ബന്ധം പോലും ഇല്ലാത്ത വേദികൾക്കായി കോടികൾ ചെലവഴിച്ചതായും തിരുവഞ്ചൂർ ആരോപിച്ചിരുന്നു. ആലപ്പുഴയിലെ ഇ.എം.എസ് സ്‌റ്റേഡിയത്തിന് അഞ്ച് കോടി ചെലവഴിച്ചു. മുൻ കായിക മന്ത്രി എം. വിജയകുമാറിന്റെ മണ്ഡലത്തിലുള്ള തങ്കമ്മ സ്‌റ്റേഡിയത്തിന് പോലും ദേശീയ ഗെയിംസ് ഫണ്ടിൽ നിന്ന് തുക വകമാറ്റിയെന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു.
ഈ മൂന്ന് ആരോപണങ്ങളേയും മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ വിജയകുമാർ തള്ളിക്കളഞ്ഞു. പേരൂർക്കട തങ്കമ്മ സ്റ്റേഡിയം സർക്കാർ സ്‌കൂളാണ്. അത് സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ നവീകരിച്ചിട്ടുണ്ടാകാം. ആലപ്പുഴയിലെ ഇഎംഎസ് സ്റ്റേഡിയത്തിന് തുക നൽകിയും സംസ്ഥാന സർക്കാരാണ് ബജറ്റ് വിഹിതമായി തുക അനുവദിക്കുകയായിരുന്നു. അത്തരത്തിൽ സ്റ്റേഡിയങ്ങൾ നവീകരിക്കാൻ സർക്കാരിന് അവകാശമുണ്ട്. തോമസ് ഐസക് എംഎൽഎയുടെ മണ്ഡലത്തിൽപ്പെട്ട സ്റ്റേഡിയത്തിനായി ഇടത് സർക്കാർ തുകയൊന്നും ദേശീയ ഗെയിംസിൽ നിന്ന് വകമാറ്റിയിട്ടില്ലെന്നും വിജയകുമാർ പറഞ്ഞു. ആറ്റിങ്ങൽ ശ്രീപാദം ഓഡിറ്റോറിയം മത്സര വേദിയാണ്. അവിടെ നവീകരണം നടന്നിട്ടുണ്ടാകാമെന്നും വിജയകുമാർ വ്യക്തമാക്കി.
ദേശീയ ഗെയിംസിന്റെ ബജറ്റുണ്ടാക്കിയതിൽ തനിക്ക് ഒരു പങ്കുമില്ല. 2011ലാണ് ബജറ്റ് തയ്യാറാക്കിയത്. അന്ന് താൻ മന്ത്രിയല്ല. ഗണേശ് കുമാറിന് അക്കാര്യം അറിയാമായിരിക്കും. അന്ന് ഗെയിംസ് സെക്രട്ടറിയേറ്റിലും അംഗമായിരുന്നില്ല. 2013ലാണ് ഗെയിംസ് സെക്രട്ടറിയേറ്റിൽ താൻ എത്തുന്നത്. തിരുവഞ്ചൂർ ആവശ്യപ്പെട്ടിട്ടാണ് അത്. എന്തുകൊണ്ട് തന്നെ ഉൾപ്പെടുത്തുന്നുവെന്ന് ചോദിച്ചിരുന്നു. ഗണേശിനെ മുന്മന്ത്രിയെന്ന നിലയിൽ ഗെയിംസ് സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയെന്നും അതുകൊണ്ട് അതേ മാനദണ്ഡപ്രകാരം ഉൾപ്പെടുത്തുന്നുവെന്നുമായിരുന്നു ലഭിച്ച മറുപടി. അത് അനുസരിച്ച് അംഗീകരിച്ചു. എന്നാൽ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ ഒരു യോഗത്തിൽ മാത്രമേ പങ്കെടുത്തിട്ടൂള്ളൂവെന്നും മറുനാടൻ മലയാളിയോട് വിജയകുമാർ പറഞ്ഞു.
എന്നാൽ ഇതിനപ്പുറത്തേക്കുള്ള ഫണ്ട് വകമാറ്റൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നിട്ടുണ്ട്. വെന്യൂ, നോൺ വെന്യൂ കാറ്റഗറിയിൽ സ്‌റ്റേഡിയങ്ങൾക്ക് തുക നൽകിയിട്ടുണ്ട്. ധനമന്ത്രി കെഎം മാണിയുടെ പാലയിലെ സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസ് മത്സരമൊന്നുമില്ല. അതിന്റെ നവീകരണം നടത്തുന്നത് ഏത് ഫണ്ട് ഉപയോഗിച്ചാണെന്ന് തിരുവഞ്ചൂർ വ്യക്തമാക്കണം. കവിടിയാറിലെ ടെന്നീസ് ക്ലബ്ബിൽ വാം അപ്പ് മത്സരത്തിന് കോർട്ട് ഒരുക്കി. ആറ് കിലോമീറ്റർ അകലെയുള്ള ടെന്നീസ് മത്സര വേദിക്ക് തൊട്ടടുത്ത് വാംഅപ്പിന് സൗകര്യമുണ്ട്. എന്നിട്ടും എന്തിന് കവടിയാറിൽ കോർട്ട് പണിയാൻ തുക നൽകിയെന്നാണ് വിജയകുമാർ ഉയർത്തുന്ന ചോദ്യം.
ഇത്തരം ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുക മറ സൃഷ്ടിക്കാനാണ് ഇടതു സർക്കാരിനേയും തന്നേയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും ഇടത് സർക്കാരിന്റെ കാലത്ത് നടന്നിട്ടില്ലെന്നും വിജയകുമാർ പറയുന്നു. കൂടുതൽ തെളിവുകളുമായി പാലയിലെ സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതി തുറന്നുകാട്ടും. 31 കോടി രൂപയ്ക്കാണ് പാലയിലെ സ്റ്റേഡിയം നവീകരിക്കുന്നത്. ഇതിൽ 17 കോടി രൂപ അനുവദിച്ചിട്ടുമുണ്ടെന്ന് വിജയകുമാർ പറയുന്നു.