കൊല്ലം: തട്ടിപ്പു കേസിൽ മകൻ ശ്രീജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി നേരിടട്ടെയെന്ന് ചവറ എംഎൽഎ വിജയൻപിള്ള. മകൻ 11 കോടിയുടെ വായ്പ തിരിച്ചടയ്ക്കാൻ ഉണ്ടെന്ന പരാതി അവിശ്വസനീയമാണ്. പ്രശ്‌നങ്ങളെക്കുറിച്ച് മകനോട് ചോദിച്ചിരുന്നു. എന്നാൽ അച്ഛൻ ഇടപെടേണ്ട എന്നാണ് പറഞ്ഞതെന്നും രാകുൽ കൃഷ്ണയുമായി ബന്ധപ്പെട്ടവർ ഒരു തവണ തന്നെ വന്നു കണ്ടിരുന്നുവെന്നും എംഎൽഎ വ്യക്തമാക്കി. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതായും നിയമപരമായി വിഷയത്തെ മകൻ നേരിടുമെന്നും വിജയൻപിള്ള പറഞ്ഞു.

മകനെതിരായ ആരോപണം കോടതിയിൽ തെളിയട്ടെയെന്ന് പറഞ്ഞ വിജയൻപിള്ള, തന്റെ പൊതുപ്രവർത്തന ജീവിതത്തിൽ ആരുടെ കയ്യിൽ നിന്നും ഒന്നും തന്നെ കൈപ്പറ്റിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. പത്ത് കോടി രൂപയുടെ വണ്ടിച്ചെക്ക് നൽകി ശ്രീജിത്ത് കബളിപ്പിച്ചെന്ന ജാസ് ടൂറിസം കമ്ബനിയുടെ പരാതിയിലാണ് വിജയൻപിള്ള എംഎൽഎയുടെ മകൻ ശ്രീജിത്തിനെ ദുബായ് കോടതി രണ്ട് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.

അതേസമയം, താൻ പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണം ശ്രീജിത്ത് നിഷേധിച്ചിരുന്നു. രാഹുൽ കൃഷ്ണയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും, ശിക്ഷയ്‌ക്കെതിരെ ദുബായ് കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി. കേസിൽ യാത്രാവിലക്ക് നേരിടുന്നതിനാൽ ശ്രീജിത്തിന് ഇനി യുഎഇയിൽ പ്രവേശിക്കാനാകില്ല.

ജാസ് ടൂറിസം കമ്ബനിയുടെ ഉടമയായിരുന്ന രാഹുൽ കൃഷ്ണയുടെ പരാതിയിലാണ് ശ്രീജിത്തിന് തടവുശിക്ഷ ലഭിച്ചത്. 11 കോടിയുടെ ചെക്ക് മതിയായ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയെന്ന് കാണിച്ചാണ് മലയാളി വ്യവസായി രാഹുൽ കൃഷ്ണ പരാതി നൽകിയത്. എന്നാൽ ജാസ് ടൂറിസത്തിന്റെ പാർട്ട്ണറായ രാഹുൽ കൃഷ്ണയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നാണ് ശ്രീജിത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.

അതേസമയം, തന്റെ വാദം കേൾക്കാതെയാണ് ശിക്ഷവിധിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു. ഇക്കാര്യം ദുബായ് കോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രീജിത്തിന്റെ ശ്രമം. 2017 മെയ്‌ 25 നാണ് ശ്രീജിത്തിന് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. അതിന് മുൻപേ ഇയാൾ ദുബായിൽനിന്ന് മടങ്ങിയെന്നാണ് വാദം. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.