തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത പ്രസ്ഥാനത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്നു കെപിസിസി സെക്രട്ടറിയും പ്രവാസി വ്യവസായിമായ വിജയൻ തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളുവെന്നും പൊതുപ്രവർത്തനം തുടരുകതന്നെചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോവളം മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിലെ പ്രതിഷേധം വിജയൻ തോമസ് മറച്ചുവയ്ക്കാതെയാണ് സംസാരിച്ചത്.

പൊതുപ്രവർത്തനം തുടരാൻ കോൺഗ്രസിൽ തന്നെ തുടരണമെന്ന് നിർബന്ധമില്ലെന്നും എന്നാൽ മറ്റു പാർട്ടികളിലേക്ക് പോകുമെന്ന് ഇതിന് അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തത്തിൽ നിലനിൽക്കുന്നത് ജാതി മത സമവായങ്ങളാണ്. ഭരണതുടർച്ചയാണ് ലക്ഷ്യമെങ്കിൽ ജാതി മത സമവായങ്ങൾക്കൊപ്പം ജയസാധ്യതകൂടി പരിഗണിക്കേണ്ടതാണ്. എന്നാൽ ഗ്രൂപ്പ് താൽപ്പര്യങ്ങളല്ലാതെ മറ്റൊന്നും തന്നെ സ്ഥാനാർത്ഥി നിർണയത്തിൽ മാനദണ്ഡമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് നേതാക്കളുടെ തെരുവ് യുദ്ധം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലല്ലാതെ മറ്റെവിടെയാണ് കാണാൻ സാധിക്കുകയെന്നും ഗ്രൂപ്പ് പോരുകൾ സ്വാർഥതാൽപ്പര്യങൾ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിനു കോട്ടം സംഭവിച്ചിട്ടുള്ളത് പാർട്ടിയിലെ നേതാക്കളുടെ മാത്രം പോരായ്മ കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഭരണതുടർച്ചയ്ക്കു മികച്ച സാധ്യതയാണ് ഉണ്ടായിരുന്നത്. എന്നാൽ ദീർഘവീക്ഷണമില്ലാതെയുള്ള സ്ഥാനാർത്ഥി നിർണയവും തമ്മിലടിയും ഇപ്പോൾ സാധ്യതകളെ ബാധിച്ചിട്ടുണ്ടോയെന്ന് ജനം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ അർഹരായ പലരേയും ഒഴിവാക്കിയതായും ഇത് തെരഞ്ഞടുപ്പിൽ കടുത്ത തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിനോ അദ്ദേഹത്തിന്റെ വാക്കുകൾക്കോ യാതൊരു വിലയും കൽപ്പിക്കാത്ത സംസ്ഥാന നേതൃത്വം എന്ത് മാതൃകയാണ് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. പാർട്ടിയെ നയിക്കുന്നത് കെപിസിസി അദ്ധ്യക്ഷനാണെന്നിരിക്കെ എന്തിനുവേണ്ടിയാണ് സ്ഥാനാർത്ഥിനിർണയത്തിൽ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനെതിരെ ഗ്രൂപ്പ് നേതാക്കൾ ഒരുമിച്ച് നിന്നതു അഴിമതി മറയ്ക്കാനാണെന്ന് പൊതുജനത്തിനറിയാം. പൊതു ശത്രുവായി സുധീരനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരുമയാണ് ഡൽഹിയിൽ കഴിഞ്ഞയാഴ്ച കണ്ടത്. തങ്ങളുടെ ഗ്രൂപ്പിന്റെ സീറ്റുകൾ നഷ്ടപെടാതിരിക്കുക മാത്രമായിരുന്നു ലക്ഷ്യം. ദൈവം വിചാരിച്ചാലും കേരളത്തിലെ ഗ്രൂപ്പുകളുടെ തമ്മിലടി തീരില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പരസ്പരം വിഴുപ്പലക്കൽ ഒഴിവാക്കണമെന്ന് പാർട്ടി ഉപാധ്യക്ഷൻ ആഹ്വാനം ചെയ്തിട്ടും ഫലമുണ്ടായില്ലെന്നത് ഈ ഗ്രൂപ്പ് പോരിന്റെ തെളിവാണ്.

ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്ന് കാണിക്കുന്ന മാജിക്കുകൾ വിശ്വസിക്കാൻ ജനത്തെ കിട്ടുമെന്ന് കരുതരുത്.വിവേകമുള്ള ജനത്തെ മറന്ന് പ്രവർത്തിച്ചാൽ മറുപടി നൽകേണ്ടതെങ്ങനെയെന്ന് ജനങ്ങൾക്കറിയാം. അഴിമതിക്കെതിരെ സംസാരിക്കുന്നതും തന്റെ ആദർശങ്ങളിൽ ഉറച്ചു നിൽക്കുന്ന കെപിസിസി പ്രസിഡന്റിനു പരസ്യമായി പിന്തുണപ്രഖ്യാപിച്ചതുമാകാം തനിക്കുനേരെയുള്ള അവഗണനക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.

2011ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് നേമം സീറ്റ് ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാൽ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേഷ് ചെന്നിത്തല നേരിട്ട് ഇടപെട്ടാണ് തനിക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയത് എന്നാൽ ്അത് ഘടകക്ഷിയുടെ സീറ്റാണെന്ന ന്യായീകരണമാണ് അന്ന് നിരത്തിയത്. കൂടെ നിൽക്കുന്നവരെപ്പോലും സംരക്ഷിക്കാത്തയാളാണ് രമേഷ് ചെന്നിത്തല. അതവാ ആരെയെങ്കിലും സംരക്ഷിക്കുന്നുണ്ടങ്കിൽ അതിനു വ്യകതമായ കാരണമുണ്ടാകുംമെന്നും അദ്ദേഹം പറയുന്നു.

തർക്ക സീറ്റുകളിൽ തനിക്കൊപ്പം നിൽക്കുന്നവർക്ക് സീറ്റില്ലെങ്കിൽ താനും മത്സരിക്കില്ലെന്നു പറഞ്ഞ ഉമ്മൻ ചാണ്ടി എന്ത് താൽപ്പര്യം സംരക്ഷിക്കാനാണ് ഹൈക്കമാന്റിനോടുപോലും ക്ഷുഭിതനായതെന്നും എന്നിട്ട് എന്തുകൊണ്ടാണ് അതിലൊരാളായ ബെന്നി ബെഹ്നാനു സീറ്റു നിഷേധിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിലപാടിൽ ഉറച്ചു നിൽക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.കേരളത്തിലും കോൺഗ്രസ് പാർട്ടിയുടെ തകർച്ചയ്ക്ക് വഴിവെക്കുന്ന പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ നേതാക്കൾ ചെയ്തു വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെടിഡിസി ചെയർമാനെന്ന നിലയിൽ താൻ സമർപ്പിച്ച നിരവധി പദ്ധതികൾ യുഡിഎഫ് സർക്കാർ വേണ്ടപോലെ ശ്രദ്ധിച്ചില്ലെന്നും ടൂറിസം മേഖലയോടാകെ നിസംഗതയോടെയാണ് ഈ ഗവൺമെന്റ് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്പതിനായരത്തിലതികം ആൾക്കാർക്ക് തൊഴിൽ ലഭ്യമാകുമായിരുന്ന അയ്യായിരം കോടിയുടെ വേളി ടൂറിസ്റ്റ് സോൺ പദ്ധതിക്ക് മുഖ്യമന്ത്രി വേണ്ട പ്രാധാന്യം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ ചാനലായ ജയ്ഹിന്ദ് ടി.വി പാർട്ടി മുഖപത്രമാ വീക്ഷണം എന്നിവയ്ക്കായി താൻ മുടക്കിയ തുക തിരികെ നൽകുന്നതിനാവിശ്യമായ തീരുമാനമെടുക്കണമെന്ന് താൻ നേതൃത്ത്വത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നേതൃത്ത്വം ആലോചിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.