മലപ്പുറം: വ്യക്തിപരമായ കഴിവും മികവുംകൊണ്ടു മാത്രമല്ല കമ്യൂണിസ്റ്റ് നേതാക്കൾ വളരുന്നതെന്ന് വിജയരാഘവൻ. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജന്മനാട് നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. . കമ്യൂണിസ്റ്റ് ആചാര്യൻ ഇ എം എസിന്റെ ജന്മനാടായ ഏലംകുളത്ത് ഇ എം എസ് സാംസ്‌കാരിക സമുച്ചയാങ്കണത്തിൽ നടന്നസ്വീകരണത്തിൽ പഴയ തലമുറയും പുതുതലമുറയും പങ്കുചേർന്നു.

വ്യക്തിപരമായ കഴിവും മികവുംകൊണ്ടു മാത്രമല്ല കമ്യൂണിസ്റ്റ് നേതാക്കൾ വളരുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിന്റെ ഉൽപ്പന്നമാണ് നേതാവ്. ഒരു വ്യക്തിയുടെ ത്യാഗമല്ല, ഒരുപാട് പേരുടെ ത്യാഗത്തിന്റെ പിന്തുടർച്ചയാണത്. അതിൽ വലുപ്പ ചെറുപ്പമില്ല. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നീതിപൂർവമായി പ്രാവർത്തികമാക്കുകയാണ് ഓരോ കമ്യൂണിസ്റ്റ് പ്രവർത്തകനും ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോർപറേറ്റ് പിന്തുണയുള്ള വർഗീയതയെ രാജ്യത്ത് തുടച്ചുമാറ്റുകതന്നെ ചെയ്യും എന്ന ഉറപ്പിന്റെ പേരാണ് സിപിഎം. രാജ്യത്ത് വലതുപക്ഷ ചേരിയുണ്ടാക്കിയ വർഗീയ മേധാവിത്വം തകർക്കണം. അതിന് നേതൃത്വംനൽകുന്ന സംസ്ഥാനമാണ് കേരളം. അതിന്ന് ചെറിയ പേരല്ല. ഹിജാബിന്റെയും ഹലാലിന്റെയും പേരിൽ രാജ്യത്താകെ വിദ്വേഷം വിതറുമ്പോൾ കേരളത്തിൽ അതിന് സാധിക്കാത്തത് ഇവിടെ ചെങ്കൊടിയേന്തി പിണറായി വിജയൻ സർക്കാർ അധികാരത്തിലിരിക്കുന്നതുകൊണ്ടാണ്.

അത്യാപത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭാവിതലമുറയെ വിദ്വേഷത്തിന്റെ രാഷ്ട്രീയം പഠിപ്പിക്കുകയാണ്. അന്യമത വിദ്വേഷത്തിന്റെ മാനസികഭാവം വളർത്തുന്നു. ഇതിനെ നേരാംവിധം പ്രതിരോധിച്ചില്ലെങ്കിൽ രാജ്യം വലിയ വില കൊടുക്കേണ്ടിവരും. ജീവിച്ച കാലത്തെ സാമൂഹിക പരിമിതികളെ അതിജീവിച്ചവരാണ് ഇ എം എസിനെപ്പോലുള്ള നേതാക്കൾ. അവർ ജന്മിത്വത്തെയും സാമൂഹിക തിന്മകളെയും മറികടന്നു. ജനങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുക എന്ന ചരിത്രപരമായ കടമ ഏറ്റെടുക്കുകയാണ് ഇ എം എസ് ചെയ്തത്.

ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം സമ്മാനിക്കുന്ന നടപടികളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുകയാണ്. സാധാരണക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്ന നയപരിപാടികളാണ് നടപ്പാക്കുന്നത്. ജീവിതസൗഭാഗ്യങ്ങൾ അതിസമ്പന്നർക്കുമാത്രം അനുഭവിക്കാനുള്ളതല്ല, അത് സാധാരണക്കാരനും അനുഭവവേദ്യമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനെ അട്ടിമറിക്കാൻ എല്ലാ പിന്തിരിപ്പൻ വർഗീയശക്തികളും പ്രതിപക്ഷവും ഒന്നിക്കുകയാണ്. എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കാനാവശ്യമായ പ്രതിരോധമുയർത്താൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സ്വീകരണച്ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണൻ, മുതിർന്ന നേതാവ് പി പി വാസുദേവൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി. പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി ഇ രാജേഷ് സ്വാഗതവും ലോക്കൽ സെക്രട്ടറി പി അജിത്കുമാർ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി അനിൽ, വി രമേശൻ, പി കെ അബ്ദുള്ള നവാസ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ ശ്യാമപ്രസാദ്, കെ പി എം മുസ്തഫ, ആദ്യകാല നേതാക്കളായ എം എം അഷ്ടമൂർത്തി, എൻ പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.