- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരേന്ത്യയിൽ ബിജെപി പടർന്നു കയറി മുന്നോട്ട് പോകുമ്പോൾ രാഹുൽ ഗാന്ധി തണുത്ത കാറ്റ് കിട്ടുന്ന സ്ഥലത്തേക്ക് വന്നു; കോൺഗ്രസ് നേതാവിനെ പരിഹസിച്ച് എ വിജയരാഘവൻ
മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നത് തണുത്ത കാറ്റ് കിട്ടാനാണെന്നായിരുന്നു വിജയരാഘവന്റെ പരിഹാസം. മലപ്പുറത്ത് വാർത്താ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. ബിജെപിയുടെ വളർച്ചയുടെ വേഗത കൂട്ടാൻ കാരണമായത് രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അംഗബലം പോലും നേടാനാകാത്തതിനാലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ നടപ്പിലാക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി യുഡിഎഫ് പറയുകയുണ്ടായി. അയാൾ പ്രധാനമന്ത്രിയായാൽ വരുത്തുന്ന മാറ്റങ്ങളെകുറിച്ചും പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രി ആയി കഴിഞ്ഞുവെന്നും പ്രചരിപ്പിച്ചു. അദ്ദേഹം ഇങ്ങോട്ട് പോന്നപ്പോഴാണ് ബിജെപിക്ക് സ്വൈര്യം കിട്ടിയത്. ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള സൗകര്യമാണ് യഥാർത്ഥത്തിൽ ഉണ്ടായത്. ആ ഉത്തരേന്ത്യയിൽ ബിജെപി പടർന്നു കയറി മുന്നോട്ട് പോകുമ്പോൾ രാഹുൽ ഗാന്ധി തണുത്ത കാറ്റ് കിട്ടുന്ന സ്ഥലത്തേക്ക് വന്നു. കേരളത്തിൽ വന്ന നോമിനേഷൻ കൊടുത്ത് മത്സരിച്ചത് തന്നെ ബിജെപി വളർച്ചയുടെ വേഗം കൂട്ടി. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പക്ഷെ പ്രതിപക്ഷ നേതാവ് പോലും ആകാൻ കഴിഞ്ഞില്ല. അതിനുള്ള സീറ്റ് പോലും കിട്ടിയില്ല. സ്വയം പരാജിതനാവുകയായിരുന്നു.' വിജയരാഘവൻ പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി സർക്കാർ കരാറുണ്ടെക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണവും വിജയരാഘവൻ തള്ളി. എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്നാണ് വിജയരാഘവന്റെ പ്രതികരണം. ഉന്നയിക്കുന്ന ആരോപണങ്ങൾ വിശ്വാസ്യത വേണമെന്ന് രമേശ് ചെന്നിത്തലക്ക് നിർബന്ധമില്ല. പ്രളയ കാലത്തും കോവിഡ് കാലത്തും അദ്ദേഹം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നമ്മൾ കണ്ടതാണ്. ഇപ്പോഴും അത് തുടരുന്നേയുള്ളൂവെന്നും വിജയരാഘവൻ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ