തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പരിമിതികൾ ചൂണ്ടിക്കാണിച്ചാൽ ആശങ്കകൾ അകറ്റുക എന്നതാണ് ജനാധിപത്യ മാതൃകയെന്ന് അ​​ദ്ദേഹം പറഞ്ഞു. സദുദ്ദേശപരമായ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത് എന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പൊലീസ് നിയമ ഭേദഗതി പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല. താർക്കിക പ്രാധാന്യമുള്ളതാണ് ചോദ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംസ്ഥാനത്ത് വികേന്ദ്രീകരണ ആസൂത്രണത്തിന് രൂപവും പിന്തുണയും നൽകിയത് ഇടത് സർക്കാരുകളാണെന്ന് പറഞ്ഞ അദ്ദേഹം ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളിൽ വിഘാതമേൽപ്പിച്ച് കേന്ദ്രം മുന്നേറുകയാണെന്ന് കുറ്റപ്പെടുത്തി. അതിനൊപ്പം യു ഡി എഫ് നിൽക്കുന്നു. ബിജെപിക്കൊപ്പമാണ് യു ഡി എഫ്. അധികാരമുപയോഗിച്ച് മുഖ്യമന്ത്രിക്ക് എതിരെ വരെ നീങ്ങുകയാണ്. ഇതിനെതിരെ പ്രതിരോധം തീർക്കുകയാണ് ഇടത് മുന്നണി ചെയ്യുന്നത്. തുടർ ഭരണം വരാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ട്. അത്തരമൊരു അവസരത്തിലാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.