കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച, വിവാദസ്വാമി സന്തോഷ് മാധവൻ ഇടപെട്ട ഭൂമി ഇടപാടു കേസിൽ മുന്മന്ത്രിമാരായ അടൂർ പ്രകാശിനും പികെ കുഞ്ഞാലിക്കുട്ടിക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻ്‌സ് കോടതി ഉത്തരവിട്ടു. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് തള്ളിയ കോടതി കേസിൽ അഴിമതി നടത്താൻ ശ്രമമുണ്ടായതായും നിരീക്ഷിച്ചു. വരുംദിനങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾക്ക് വഴിവയ്ക്കാവുന്നതാണ് കേസിൽ ഇപ്പോഴുണ്ടായ കോടതി നിരീക്ഷണം.

രണ്ടു മന്ത്രിമാർക്കുമെതിരെയും പരാതി ഉയർന്നതിനെ തുടർന്ന് ശങ്കർറെഡ്ഡി വിജിലൻസ് തലവനായിരിക്കെയാണ് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ആരോപണങ്ങളിൽ അന്വേഷണം നടത്തി ത്വരിതപരിശോധനാ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടത്. എന്നാൽ ഇരുവർക്കുമെതിരെയും തെളിവില്ലെന്ന് പറഞ്ഞ് വിജിലൻസ് നൽകിയ റിപ്പോർട്ട് പാടെ തള്ളിയ കോടതി കേസിൽ സർക്കാരിന് നഷ്ടമില്ലെങ്കിലും അഴിമതിക്ക് ശ്രമം നടന്നതായി വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടിക്കും അടൂർ പ്രകാശിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് വിജിലൻസ് നൽകിയ റിപ്പോർട്ട് പാടെ തള്ളുന്നതായി വ്യക്താക്കിയ കോടതി വിജിലൻസിനെതിരെ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. സന്തോഷ്മാധവന് 123 ഏക്കർ കൈമാറുന്നതിന് വഴിവിട്ട സഹായം ചെയ്തതായി തെളിവുണ്ട്. എന്നിട്ടും കുറ്റാരോപിതരെ വെള്ളപൂശാൻ വിജിലൻസ് ശ്രമിക്കുന്നു -കോടതി നിരീക്ഷിച്ചു.

അതേസമയം, കോടതി ഉത്തരവ് തനിക്കെതിരല്ലെന്നും താൻ ഈ വിഷയം ക്യാബിനറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നു മാത്രമേയുള്ളൂ എന്നും അതിൽ പരിശോധിച്ച ശേഷമേ നടപടിയെടുക്കാവൂ എന്നും സ്റ്റാറ്റിയൂട്ടറി കമ്മിറ്റി പരിശോധിക്കണമെന്നും മാത്രമാണ് താൻ നിർദ്ദേശം നൽകിയതെന്നും മുന്മന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പുതിയ വിജിലൻസ് ഡയറക്ടറാണ് കേസ് ഇനി അന്വേഷിക്കുക എന്നതിൽ തനിക്ക് ഒരു ആശങ്കയുമില്ലെന്നും ഇപ്പോൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവിക നടപടിക്രമം മാത്രമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് ഒരു ഫോൺകോൾ പോലും ചെയ്തിട്ടില്ല. 2015ൽ എല്ലാവർക്കും കൊടുത്ത ആനുകൂല്യത്തിന് ഈ സംഭവത്തിൽ ഭൂമി നേടിയവരും അർഹരാണെന്ന് വ്യക്തമാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഭൂമി നൽകുന്നതിനെതിരെ പരാതി വ്യാപകമായതോടെ സർക്കാർ ആ തീരുമാനം ഉപേക്ഷിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തട്ടിപ്പുസ്വാമി സന്തോഷ്മാധവൻ ഇടനിലക്കാരനായ കമ്പനിക്ക് 127 ഏക്കർഭൂമി ദാനംചെയ്യാനുള്ള യുഡിഎഫ് മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിനെതിരായ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ വിധിയുണ്ടായത്. മന്ത്രിസഭയുടെ അജൻഡയിലില്ലാതെ ഭൂമിദാനവിഷയം പരിഗണിച്ചതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു പരാതി. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിജിലൻസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഭൂമിദാനവിഷയത്തിൽ ഗൂഢാലോചന നടന്നുവെന്നും സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടാക്കുന്ന തീരുമാനമാണ് എടുത്തതെന്നും പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിനുവേണ്ടി ഹാജരായ അഡ്വ. കെ സി സുരേഷ്, അഡ്വ. എൻ പി തങ്കച്ചൻ എന്നിവർ കോടതിയിൽ ബോധിപ്പിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിയായിരുന്ന അടൂർ പ്രകാശ്, റവന്യൂ അഡീഷണൽ ചീഫ്‌സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, സ്ഥലമുടമ സന്തോഷ് മാധവൻ, ഐടി കമ്പനിയായ ആർഎംഇസഡ്, ഇക്കോ വേൾഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എംഡി ബി എം ജയശങ്കർ എന്നിവരെ പ്രതികളാക്കിയാണ് ഗിരീഷ് ബാബു വിജിലൻസ്‌കോടതിയിൽ ഹർജി നൽകിയത്. ഏപ്രിൽ 26ന് നൽകിയ ത്വരിതാന്വേഷണറിപ്പോർട്ട് കോടതി സ്വീകരിച്ചില്ല. ഭൂമിദാനത്തിന് ഗൂഢാലോചന നടന്നിട്ടില്ലെന്ന റവന്യൂവകുപ്പിന്റെ വാദത്തെ കോടതി പരിഹസിച്ചു. ഭൂമിദാനം അജൻഡയിലില്ലാതെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കുവന്നതിൽ ഗൂഢാലോചനയുണ്ടായോ എന്നും ഭൂമിദാനഫയൽ വ്യവസായമന്ത്രി നേരിട്ട് മന്ത്രിസഭായോഗത്തിൽ വച്ചതെങ്ങനെയാണെന്നും കോടതി ചോദിച്ചിരുന്നു.

ഇതേത്തുടർന്ന് വിജിലൻസ് അന്വേഷണസംഘം മുൻ വ്യവസായമന്ത്രി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി എച്ച് കുര്യൻ, സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സി വിജയകുമാർ എന്നിവരുടെ മൊഴിയെടുത്ത് റിപ്പോർട്ട് നൽകി. എറണാകുളം പുത്തൻവേലിക്കരയിലും തൃശൂർ മടത്തുംപടിയിലുമായി 127 ഏക്കർ നെൽവയൽ നികത്താനാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. വിജിലൻസ് അഡീഷണൽ ലീഗൽ അഡ്വൈസർ രഞ്ജിത് സർക്കാരിനുവേണ്ടി ഹാജരായി. ഇപ്പോൾ പുതിയ വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് നിയമിതനായ സാഹചര്യത്തിൽ കേസിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.