- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ല...ഉറപ്പാണ്; വളരെ ബോൾഡായ കുട്ടിയാണ്; കിരണിന്റെ പീഡനം അറിഞ്ഞിട്ട് ആരെങ്കിലും പെങ്ങളെ അങ്ങ് വിടുമോ? ഇനിയൊന്നും ചെയ്യില്ലെന്ന് പറഞ്ഞിട്ടാണ് അവൾ പോയത്; മാധ്യമങ്ങൾ ക്രൂശിക്കുന്നതിന് പരിധിയുണ്ടെന്ന് സഹോദരൻ വിജിത്ത്
കൊല്ലം: സഹോദരിയുടെ ആത്മഹത്യ സംബന്ധിച്ച് ഒരു വിഭാഗം ഓൺലൈൻ മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങളാണ് നടത്തുന്നതെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത്. റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭർത്താവ് കിരണിന്റെ പീഡനം അറിഞ്ഞിട്ടും സഹോദരിയെ അവരുടെ വീട്ടിലേക്ക് വിടാൻ ശ്രമിച്ചിട്ടില്ലെന്നും അവൾ തങ്ങളുടെ വീട്ടിൽ തന്നെയായിരുന്നെന്നും വിജിത്ത് പറഞ്ഞു. വ്യാജപ്രചാരണങ്ങൾ നടത്തി ക്രൂശിക്കരുതെന്നും സഹോദരി നഷ്ടപ്പെട്ട വ്യക്തിയുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും വിജിത്ത് അഭ്യർത്ഥിച്ചു.
വിജിത്തിന്റെ വാക്കുകൾ:
'വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഉറപ്പാണ്. വളരെ ബോൾഡായ കുട്ടിയാണ്. ശരീരത്തിലും ആത്മഹത്യയുടെ ഒരു ലക്ഷണവുമില്ല. മാത്രമല്ല, ശരീരത്തിൽ പരുക്കുണ്ട്. മാധ്യമങ്ങളിലെ ചിത്രങ്ങൾ പ്രശ്നത്തിന്റെ തുടക്കത്തിലുള്ളതാണ്. അതോടെ അവന്റെ വീട്ടിലേക്ക് പോകേണ്ടെന്ന് അവളോട് പറഞ്ഞതാണ്. അതിന് ശേഷം കുട്ടി ഇവിടെ തന്നെയായിരുന്നു. ഇതൊക്കെ അറിഞ്ഞിട്ട് ആരെങ്കിലും പെങ്ങളെ അങ്ങ് വിടുമോ. ഇനിയൊന്നും ചെയ്യില്ലെന്ന് പറഞ്ഞിട്ടാണ് അവൾ പോയത്. മാസങ്ങൾക്ക് ശേഷമാണ് ഫോണിൽ നിരന്തരം വിളിച്ച് തുടങ്ങിയതും പരീക്ഷയ്ക്ക് പോയപ്പോൾ അവളെ അവൻ നിർബന്ധിപ്പിച്ച് വിളിച്ചുകൊണ്ട് പോയി.
ഇതിന്റെ തെളിവുകളെല്ലാം എന്റെ കൈയിലുണ്ട്. അതെല്ലാം ഞാൻ പൊലീസിന് കൈമാറിയിട്ടുണ്ട്. നിങ്ങളാണെങ്കിൽ ഇതെല്ലാം അറിഞ്ഞിട്ട് പെങ്ങളെയോ മകളെയോ അങ്ങോട്ട് തിരിച്ചുവിടുമോ. പ്രശ്നങ്ങളൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് മുന്നോട്ട് പോയതാണ്. സ്വന്തം പെങ്ങൾ നഷ്ടപ്പെട്ടിരിക്കുന്ന എന്റെ മാനസികാവസ്ഥ ആലോചിക്കാതെയാണ് ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ അടിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളോടൊരു അഭ്യർത്ഥനയുണ്ട്. ഇങ്ങനെ ക്രൂശിക്കുന്നതിന് പരിധിയുണ്ട്. സ്വന്തം സഹോദരി നഷ്ടപ്പെട്ടതിന്റെ മാനസികാവസ്ഥ മനസിലാക്കണം. മാധ്യമങ്ങൾ ഇങ്ങനെ ആക്രമിക്കരുത്. അഭ്യർത്ഥനയാണ്.''
സ്ത്രീധനമെന്നത് കേരളത്തിന്റെ ശാപമാണ്. ഈ സിസ്റ്റം ഒരിക്കലും മാറില്ല. ഇപ്പോൾ പ്രതികരിക്കുന്ന എല്ലാ വ്യക്തികളുടെ മക്കളുടെ കല്യാണവും ഇങ്ങനെ തന്നെ നടക്കും. സ്ത്രീധനത്തിനെതിരെ വ്യക്തമായ നിയമം വരണം. ആ സിസ്റ്റത്തിന്റെ ബലിയാടാണ് എന്റെ പെങ്ങൾ. അവൾക്ക് നല്ല വിദ്യാഭ്യാസം തന്നെ കൊടുത്തിട്ടുണ്ട്. മെഡിക്കൽ വിദ്യാർത്ഥിനിയാണ്. എന്നാൽ കല്യാണകമ്പോളത്തിൽ പഠനം വിഷയമല്ല. നിരന്തരം സംഭവങ്ങളായി ഇത് മാറുകയാണ്. പ്രതിഷേധങ്ങൾ വെറും ഹാഷ്ടാഗിൽ ഒതുങ്ങരുത്. സർക്കാർ സംവിധാനങ്ങളിലും പൊലീസിലും വിശ്വാസമുണ്ട്. നാളെ ഈ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും സംഭവിക്കരുത്. ഞങ്ങൾക്ക് നീതി വേണം.'-വിജിത്ത് പറഞ്ഞു.
കടപ്പാട്: റിപ്പോർട്ടർ ടിവി
മറുനാടന് മലയാളി ബ്യൂറോ