റിയോഡി ജെനെയ്‌റോ: ഒളിമ്പിക്‌സിൽ ട്രാക്കുണർന്ന ദിവസവും ഇന്ത്യയ്ക്ക് നിരാശ. 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസണും വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും യോഗ്യത റൗണ്ടുകളിൽ പുറത്തായി. ഡിസ്‌ക്കസ് ത്രോയിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന വികാസ് ഗൗഡയും ഫൈനൽ കാണാതെ പുറത്തായി.

800 മീറ്ററിൽ മൂന്നാം ഹീറ്റ്‌സിൽ മത്സരിച്ച ജിൻസൺ 1 മിനിറ്റ് 47:27 സെക്കന്റിൽ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ സെമിയിലേക്ക് യോഗ്യത നേടാനാകാതെ ജിൻസൺ പുറത്തായി. നിലവിലെ ചാമ്പ്യൻ കെനിയയുടെ ഡേവിഡ് റുഡിഷയാണ് 1 മിനിറ്റ് 45:09 സെക്കൻന്റിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്.

ഷോട്ട്പുട്ട് വനിത വിഭാഗത്തിൽ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നു മൻപ്രീത് കൗറിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 16.68 മീറ്റർ ദൂരമെറിയാനെ മൻപ്രീതിന് സാധിച്ചുള്ളു. 18.40 മീറ്ററായിരുന്നു യോഗ്യത മാർക്ക്. പുരുഷ ഷോട്ട് പുട്ടിൽ അവസാന പ്രതീക്ഷയായ ഇന്ദ്രജീത്ത് സിംങിന്റെ യോഗ്യത റൗണ്ട് മത്സരം ഓഗസ്റ്റ് 18ന് നടക്കും.

അതേസമയം ഷൂട്ടിങ് റേഞ്ചിലും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മെഡൽ പ്രതീക്ഷയായിരുന്ന ഷൂട്ടർ ഗഗൻ നരംഗും പുറത്തായി. 50 മീറ്റർ റൈഫിൾ പ്രോൺ വിഭാഗത്തിൽ ഗഗൻ നരംഗ് ഫൈനൽ യോഗ്യത നേടാനാകാതെ പുറത്തായത്. യോഗ്യതാ റൗണ്ടിൽ പതിമൂന്നാം സ്ഥാനത്തായാണ് നരംഗ് ഫിനിഷ് ചെയ്തത്. യോഗ്യതാ റൗണ്ടിലെ അവസാന സീരിസിന് മുൻപ് 468.7 പോയിന്റുമായി എട്ടാം സ്ഥാനത്തായിരുന്നു നരംഗ്. എന്നാൽ അവസാന സീരീസിൽ ഇതേ വിഭാഗത്തിൽ ഇറങ്ങിയ മറ്റൊരു ഇന്ത്യൻ താരം ചെയിൻ സിംഗും ഫൈനൽ യോഗ്യത നേടാതെ പുറത്തായി.

ബാഡ്മിന്റനിലും ഇന്ത്യക്ക് തിരിച്ചടിയായി. വനിതാ ഡബിൾസ് മിക്‌സഡ് ഡബിൾസിൽ അശ്വതി പൊന്നപ്പ- ജ്വാല ഗുട്ട സഖ്യം പുറത്തായി.