'അച്ചം എൻപത് മടമൈയെടാ'യ്ക്കുശേഷം ഗൗതം മേനോൻ സംവിധാനംചെയ്യുന്ന 'ധ്രുവ നച്ചത്തിരം' ഓഗസ്റ്റിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. സൂപ്പർതാരം വിക്രം ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് ഇത്.

അടുത്ത ഷെഡ്യൂൾ ബൾഗേറിയ, സ്‌ളോവേനിയ, അബുദാബി, തുർക്കി എന്നിവിടങ്ങളിലായി നടക്കും. വിക്രം റോ ഏജന്റാകുന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പക്ഷേ, നായികമാരെയാണ്. ധ്രുവയായി ഐശ്വര്യ രാജേഷും നച്ചത്തിരമായി റിതുവർമയുമെത്തും. പാർഥിപൻ, സിമ്രാൻ, ദിവ്യദർശിനി, വംശികൃഷ്ണ എന്നിവരാണ് മറ്റ് വേഷങ്ങളിൽ.

ആദ്യ ഷെഡ്യൂളിൽ ക്യാമറ ചെയ്്തത് ജോമോൻ ടി ജോണായിരുന്നു. അടുത്തത് സന്താനകൃഷ്ണനാണ്. ഗൗതം മേനോന്റെ ഒൻഡ്രാഗ എന്റർടെയ്ന്മെന്റുതന്നെയാണ് നിർമ്മാണം. സംഗീതം ഹാരിസ് ജയരാജ്.