മുംബൈ: സെയ്ഫ് അലി ഖാൻ , ഹൃത്വിക് റോഷൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്‌കർ- ഗായത്രി സംവിധാനം ചെയ്യുന്ന വിക്രം വേദ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പൂർത്തിയായി. ഷൂട്ട് പാക്കപ്പ് ആയതിന്റെ സന്തോഷം ഹൃത്വിക് റോഷൻ ട്വിറ്ററിലൂടെ പങ്കുവച്ചു. സംവിധായക ദമ്പതികൾക്കും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രങ്ങളും ഹൃത്വിക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിക്രം വേദയ്ക്ക് പാക്കപ്പ് പറഞ്ഞപ്പോൾ സന്തോഷകരമായ നിരവധി ഓർമ്മകളും പരീക്ഷിക്കപ്പെട്ട സമയങ്ങളും ആക്ഷനും ത്രില്ലും ഒപ്പം ഈ ചിത്രത്തിന്റെ നിർമ്മാണത്തിലേക്ക് ഞങ്ങൾ നൽകിയ കഠിനാധ്വാനവുമൊക്കെയാണ് എന്റെ മനസിലേക്ക് എത്തിയത്. റിലീസ് തീയതിയോട് അടുക്കുമ്പോൾ ആവേശത്തോടൊപ്പം പരിഭ്രമവുമുണ്ട്, ഹൃത്വിക് ട്വിറ്ററിൽ കുറിച്ചു.

 

ബിരുദം നേടുന്നത് പോലെയായിരുന്നു യാത്ര. സംവിധായകരായ പുഷ്‌കറും ഗായത്രിയും അതിരുകൾ ഭേദിക്കാൻ നിശബ്ദമായി എന്നെ പ്രേരിപ്പിച്ചു. സെയ്ഫ് അലി ഖാൻ, രാധിക ആപ്‌തെ, രോഹിത് സറഫ്, യോഗിത ബിഹാനി എന്നിവർക്കൊപ്പം പ്രവർത്തിച്ചത് ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് കൂടുതൽ പ്രചോദനം നൽകി. തിരിഞ്ഞു നോക്കുമ്പോൾ.. ഞാൻ ചെയ്ത വേദയായി ഞാൻ മാറിയത് വിക്രം എന്ന സെയ്ഫ് അലി ഖാന്റെ ശക്തമായ സാന്നിധ്യം കൊണ്ടാണ്. സാധ്യമായ എല്ലാ കാര്യങ്ങളിലും അദ്ദേഹം അസാമാന്യനാണ- ഹൃത്വിക് കുറിച്ചു

വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വിക്രം വേദ 2017 ലാണ് പുറത്തിറങ്ങിയത്. ശദ്ധ ശ്രീനാഥ്, കതിർ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്. നായകൻ- വില്ലൻ എന്ന പരമ്പരാഗത സങ്കൽപ്പത്തെ പൊളിച്ചടുക്കുന്നതായിരുന്നു വിക്രം വേദയുടെ പ്രമേയം. ബോക്സ് ഓഫീസിലെ തകർപ്പൻ വിജയത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും ചിത്രം കരസ്ഥമാക്കി.