ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രം ഇരുമുഗന്റെ ചിത്രീകരണം മുടങ്ങി. സിനിമയിലെ നായികയായ നയൻതാരയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കമാണ് ചിത്രീകരണം മുടങ്ങാൻ കാരണമായത്. നിർമ്മാതാവ് മുഴുവൻ പ്രതിഫലവും നയൻതാരയ്ക്ക് നൽകാത്തതുമൂലം നടി ചിത്രീകരണത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്

ആനന്ദ് ശങ്കർ സംവിധാനം ചെയ്ത് വിക്രം നായകനായി എത്തുന്ന ചിത്രമാണ് ഇരുമുഗൻ. നിർമ്മാതാവ് പ്രതിഫലത്തിന്റെ കാര്യത്തിൽ വരുത്തിയ വീഴ്ചയാണ് നയൻതാര ചിത്രത്തോട് സഹകരിക്കാത്തതത്രേ. ഇനി പറഞ്ഞു ഉറപ്പിച്ച പ്രതിഫലം മുഴുവൻ കൈയിലേക്ക് കിട്ടാതെ ഷൂട്ടിങിന് വരില്ലെന്ന വാശിയിലാണ് ഇപ്പോൾ നയൻതാര. എന്നാൽ നയൻതാരയ്ക്ക് മാത്രമല്ല വിക്രമിനും പറഞ്ഞു ഉറപ്പിച്ച തുക നൽകിയിട്ടില്ല. കൂടാതെ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർക്കും പൈസ കിട്ടിയിട്ടില്ലെന്നും പറയുന്നു.

മുമ്പ് നയൻതാര നായികയായി എത്തിയ ചിമ്പു ചിത്രം ഇതു നമ്മ ആളിലും നയൻതാരയ്ക്ക് പ്രതിഫല പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ ചിത്രത്തിൽ നിന്നും ബാക്കി തുകയായ 50 ലക്ഷം ഇനിയും ലഭിക്കാനുണ്ട്. ഈയൊരു അനുഭവം ആകാം മുഴുവൻ പ്രതിഫലം നൽകിയാലേ താൻ അഭിനയിക്കൂ എന്ന നടിയുടെ തീരുമാനത്തിന് പിന്നിൽ.

ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയൻതാര അവതരിപ്പിക്കുന്നത്.ഇരുമുകന്റെ ആദ്യ പോസ്റ്ററിന് തന്നെ വലിയ സ്വീകരമാണ് ആരാധകർ നൽകിയത്. സയൻസ് ഫിക്ഷൻ കഥയാണ് സിനിമ പറയുന്നത്. നിത്യാ മേനോനാണ് സിനിമയിലെ മറ്റൊരു പ്രധാന താരം.