- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിയില്ലെന്ന വില്ലേജ് മാന്വലിലെ പരാമർശം വിനയായി; ക്രിസ്ത്യൻ, മുസ്ലിം വിഭാഗക്കാർക്കു മിശ്രവിവാഹ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആക്ഷേപം; വില്ലേജ് ഓഫീസർമാർ വിവാദത്തിൽ
ആലപ്പുഴ: ഹിന്ദുമതത്തിലെ ഒരാൾ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലെ വ്യക്തിയുമായി വിവാഹത്തിലേർപ്പെട്ടാൽ അതു മിശ്രവിവാഹമാവില്ലെന്ന് റവന്യൂവകുപ്പ്. ഇ പരാമർശം കൊണ്ട് ദുരിതത്തിലായിരിക്കുകയാണ് വില്ലേജ് ഓഫീസർമാർ. മിശ്രവിവാഹിതരായ ഹിന്ദു-മുസ്ലിം, ഹിന്ദു-ക്രിസ്ത്യൻ, ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളിലെ പിന്നാക്കവിഭാഗം കുട്ടികൾക്കു സംവരണത്തിനായി സമർപ്പിക്കേണ്ട ജാതി, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ നൽകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.വില്ലേജ് മാന്വലിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് വില്ലേജ് ഓഫീസർമാർ ഇതു നിഷേധിക്കുന്നത്. എന്നാൽ, ഈ മാന്വലിനു നിയമപരമായ പരിരക്ഷയില്ലെന്നും റവന്യൂ ജീവനക്കാർക്കു ജോലിസംബന്ധിച്ച കാര്യങ്ങൾക്കായി നൽകുന്ന കൈപ്പുസ്തകം മാത്രമാണ് മാന്വലെന്നതുമാണ് വസ്തുത. ചിലകാര്യങ്ങൾ നിർദേശിക്കുമ്പോൾ സർക്കാർ ഉത്തരവുകൾ അതിൽ ചൂണ്ടിക്കാട്ടാറുണ്ടെന്നതു മാത്രമാണെന്നും ആരോപണം ശക്തമാകുന്നു.
'ഇന്ത്യയിൽ ജാതിവ്യവസ്ഥ നിലവിലുള്ളത് ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽ മാത്രമാണെന്നും അതിനാൽ അവയിൽപ്പെട്ടവർ തമ്മിലുള്ളവിവാഹം മാത്രമേ മിശ്രവിവാഹമായി പരിഗണിക്കാവൂ എന്നും ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ മറ്റു ജാതിയിൽപ്പെട്ടവരെ വിവാഹംചെയ്താൽ അതു മിശ്രവിവാഹമായി പരിഗണിക്കേണ്ടതില്ല' എന്നും വില്ലേജ് മാന്വലിലുള്ളതു ചൂണ്ടിക്കാട്ടിയാണ് സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നത്.
എന്നാൽ, സംസ്ഥാനസർക്കാർ 1976- പുറപ്പെടുവിച്ച ഉത്തരവിൽ വ്യത്യസ്ത ജാതിയിലുള്ളവരും സാമുദായിക ആചാരം അനുവദിക്കാത്തതുമായ വിവാഹങ്ങളെ 'ഇന്റർകാസ്റ്റ് മാര്യേജ്' ഗണത്തിൽപ്പെടുത്തിയിരിക്കുന്നു എന്നാണു പറഞ്ഞിട്ടുള്ളത്. (സാമുദായിക ആചാരം അനുവദിക്കുന്നതിന് ഉദാഹരണമായി പറയുന്നത് നമ്പൂതിരി-നായർ വിവാഹങ്ങളെയാണ്. അല്ലാതുള്ളവയെയാണു സാമുദായികാചാരം അനുവദിക്കാത്ത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്). ഇതിനുവിരുദ്ധമാണ് വില്ലേജ് മാന്വലെന്നു പരാതിക്കാർ പറയുന്നു.
മാത്രമല്ല, ക്രിസ്ത്യൻ വിഭാഗത്തിൽത്തന്നെ വിദ്യാഭ്യാസ സംവരണത്തിന് അർഹരായ ലത്തീൻ കത്തോലിക്കർ, ആംഗ്ലോ ഇന്ത്യൻ, ചേരമർ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ, എസ്ഐ.യു.സി., നാടാർ ക്രിസ്ത്യൻ, മറ്റു പിന്നാക്കക്രൈസ്തവർ തുടങ്ങിയ പലജാതികളുണ്ട്. കൂടാതെ റോമൻ, മാർത്തോമ്മ, യാക്കോബായ, സിറിയൻ തുടങ്ങിയ വിദ്യാഭ്യാസ സംവരണം ഇല്ലാത്ത വിഭാഗങ്ങളുമുണ്ട്.
ക്രിസ്തുമതത്തിലെ വിദ്യാഭ്യാസസംവരണത്തിന് അർഹരായ ഇത്തരം ജാതികളിലുള്ളവരും സംവരണത്തിന് അർഹരായ മുസ്ലിം വിഭാഗത്തിലുള്ളവരും പരസ്പരമോ മറ്റു ജാതിയിൽനിന്നോ വിവാഹം കഴിച്ചാൽ അതു മിശ്രവിവാഹമാകില്ലെന്നു പറയുന്നതാണു പ്രശ്നമായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ