ഓസ്‌കാർ 2019ൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി റിമാ ദാസിന്റെ വില്ലേജ് റോക്ക്സ്റ്റാർ.സിനിമയിലെ മികവിന് നൽകുന്ന പുരസ്‌കാരങ്ങളിൽ പ്രധാനപ്പെട്ടതായ 'ദി അക്കാദമി ഓഫ് മോഷൻ പിക്ചർ സയൻസസ്' (ഓസ്‌കർ) പുരസ്‌കാരങ്ങളുടെ വിദേശ സിനിമാ വിഭാഗത്തിലെ മൂന്നു നോമിനേഷനുകൾക്കായുള്ള മത്സരത്തിൽ ഇന്ത്യയിൽ നിന്നും റിമാ ദാസിന്റെ 'വില്ലേജ് റോക്ക്സ്റ്റാർസ്' മാറ്റുരയ്ക്കും

2017ൽ പുറത്തിറങ്ങിയ ആസാമീസ് ചിത്രം, മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. മികച്ച ബാലതാരം, മികച്ച ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്, മികച്ച എഡിറ്റിങ് എന്നീ ദേശീയ പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.റിമ ജനിച്ചുവളർന്ന ചയ്‌ഗോൻ ഗ്രാമത്തിൽ തന്നെയാണ് വില്ലേജ് റോക്സ്റ്റാർ ചിത്രീകരിച്ചിരിക്കുന്നത്. സ്വന്തമായി ഒരു ഗിറ്റാർ വാങ്ങാനും റോക്‌ബാൻഡ് തുടങ്ങാനും സ്വപ്നം കാണുന്ന പെൺകുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്.

ആസാമിന്റെ ജീവിതം തുറന്നുകാണിക്കുന്ന ചിത്രം കൂടിയാണ് വില്ലേജ് റോക്ക്സ്റ്റാർ. ആസാമിൽ അടിക്കടി വരുന്ന പ്രളയം, മഴക്കെടുതി, ഗ്രാമങ്ങളിലെ പട്ടിണി തുടങ്ങി നിരവധി കാര്യങ്ങൾ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്. മൂന്ന് വർഷമാണ് റിമ സിനിമ ചിത്രീകരിക്കാനായി എടുത്തത്. ചിത്രത്തിൽ ഭാനിത എന്ന പെൺകുട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ചലച്ചിത്രമേളയിലും മറ്റ് രാജ്യാന്തര മേളകളിലും ഗംഭീരമായ സ്വീകരണം ലഭിച്ചിട്ടുള്ള 'വില്ലേജ് റോക്സ്റ്റാർസ്' റിമയുടെ രണ്ടാമത്തെ ചിത്രമാണ്. അസമിലെ ഒരു ഗ്രാമത്തിൽ ഒരു കൂട്ടം കുട്ടികൾ ഒരു റോക്ക് ബാൻഡ് തുടങ്ങാൻ പരിശ്രമിക്കുന്നതാണ് റിമയുടെ ചിത്രത്തിന്റെ ഇതിവൃത്തം. ചെറിയ ബജറ്റിൽ ഗ്രാമവാസികളെ ഉൾപ്പെടുത്തി ചെയ്തതാണ് 'വില്ലജ് റോക്ക്സ്റ്റാർസ്'.

പ്രധാനമായും അമേരിക്കൻ സിനിമകൾക്ക് നൽകി വരുന്ന ഓസ്‌കർ പുരസ്‌കാരങ്ങളിൽ 'ബെസ്റ്റ് ഫോറിൻ ഫിലിം' എന്ന വിഭാഗത്തിൽ മാത്രമാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾക്ക് മത്സരിക്കനാവുക.വിവിധ രാജ്യങ്ങളിൽ നിന്നും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളിൽ നിന്നും മൂന്നു ചിത്രങ്ങൾ ഓസ്‌കറിന്റെ ഫൈനൽ നോമിനേഷനിലേക്ക് എത്തും. അതിൽ നിന്നും ഒരു ചിത്രമാവും വിജയിക്കുക. ഓസ്‌കർ പുരസ്‌കാരങ്ങളുടെ തൊണ്ണൂറാം പതിപ്പ് 2019 ഫെബ്രുവരി 27 ന് നടക്കും.